ഇന്ത്യയുടെ നാവീക സേനയുടെ ദീര്‍ഘകാല സ്വപ്നങ്ങളിലൊന്നായ ഇന്ത്യയുടെ മൂന്നാമത്തെ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തുടര്‍ന്നും ഇന്ത്യന്‍ നാവിക സേനയ്ക്ക് ആവശ്യമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആറ് വിമാന വാഹനികപ്പലുകള് നിര്‍മ്മിക്കുവനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് നാവിക സേന ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും ഡിഎസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുവനുമാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തീരുമാനം എടുക്കുന്ന സമിതിയാണ് ഡിഎസി. തദ്ദേശിയമായി തന്നെ വിമാനവാഹനികപ്പില് നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.
ഐഎന്‍എസ് വിക്രാന്തിന്റേതിന് സമാനമായ വിമാനവാഹനി കപ്പലായിരിക്കും നിര്‍മ്മിക്കുക. അഞ്ച് ബില്യണ്‍ ഡോളറാണ് ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിക്കുന്ന വിമാനവാഹനിക്കപ്പലില്‍ 28 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഉള്ളത്. റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ് വിക്രമാദിത്യ. 2024 പകുതിയോടെ സജ്ജമാകുന്ന ഐഎന്‍എസ് വിക്രാന്ത് എന്നിവയാണ് നിലവിലെ വിമാനവാഹിനി കപ്പലുകള്‍.
മൂന്ന് വിമാനവാഹിനി കപ്പലുകളുടെ സാധ്യത ഇന്ത്യ മുമ്പ് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആറ് വിമാനവാഹനി കപ്പലുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം ചൈന 2030 ഓടെ ആറ് വിമാനവാഹിനി കപ്പലുകള്‍ നിര്മ്മിക്കമെന്നാണ് യുഎസിന്റെ റിപ്പോര്‍ട്ട്.
സ്ഥിരമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ വിന്യസിക്കുവാനും ചൈന ലക്ഷ്യമിടുന്നതായി യുഎസ് വ്യക്തമാക്കുന്നു. നിലവില്‍ ചൈനയ്ക്ക് മൂന്ന് വിമാനവാഹനിക്കപ്പലുകളാണ് ഉള്ളത്. ഇതില്‍ മൂന്നാമത്തെ വിമാനവാഹനിക്കപ്പലിന്റെ പരീക്ഷണം ചൈന പൂര്‍ത്തിയാക്കിയതായിട്ടാണ് വിവരം. 80000 ടണ്‍ ശേഷിയുള്ളതാണ് മൂന്നാമത്തെ ചൈനയുടെ വിമാനവാഹിനി.