ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി കരുത്തുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാള്‍ ലോക്‌സഭയില്‍ മൂന്നാമത്തെ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന പോരാട്ടവും വലിയ ശ്രദ്ധ നേടുന്നതാണ്. പശ്ചിമ ബംഗാള്‍ ഏറെക്കാലം സിപിഎം ഭരണത്തിലും പിന്നീട് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലും എത്തി. നിലവില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണ് പശ്ചിമ ബംഗാളിന്റെ ഭരണം കൈയാളുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ മമതയ്ക്കും ടി എം സിക്കും പശ്ചിമ ബംഗാളില്‍ അത്ര അനുകൂലമല്ല. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിന് ചില പ്രത്യേകതകളുണ്ട്. തുടര്‍ഭരണങ്ങള്‍ക്ക് ഇടമുള്ള സംസ്ഥാന മാണ് പശ്ചിമ ബംഗാള്‍. ആദ്യം മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരണത്തിലും പിന്നീട് 35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലുമായിരുന്നു പശ്ചിമ ബംഗാള്‍. സിപിഎം ഭരണം പശ്ചിമ ബംഗാളിനെ പിന്നോട്ട് അടിച്ചതോടെ സംസ്ഥാനത്ത് നിന്നും സിപിഎം തൂത്തെറിയപ്പെട്ടു. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിനും സംഭവിച്ചത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി ത്രിണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളിന്റെ ഭരണം പിടിച്ചു. പിന്നീട് അങ്ങോട്ട് 13 വര്‍ഷങ്ങളായി പശ്ചിമ ബംഗാളിനെ ഭരിക്കുന്നത് മമത ബാനര്‍ജിയാണ്. അതേസമയം 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മമത സംസ്ഥാനത്ത് കരുത്ത് തെളിയിച്ചത്. ഈ മുന്നേറ്റത്തിനാണ് ഇപ്പോള്‍ ബി ജെ പി വെല്ലുവിളി ഉയര്‍ത്തുന്നത്. അതിന് കാരണം ബിജെപിക്ക് ബംഗാളില്‍ ഉയര്‍ന്ന് വരുന്ന ജനസമ്മതിയാണ്.
1999ലെ കണക്കുകള്‍ മുതല്‍ പരിശോധിച്ചാല്‍ ബി ജെ പിക്ക് ബംഗാളില്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നില്ല. 2014 തിരഞ്ഞെടുപ്പില്‍ ടി എം സിക്ക് 34 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എന്നാല്‍ ഇത് 2019 ആയപ്പോള്‍ 22 സീറ്റുകളിലേക്ക് ചുരുങ്ങി. അതേസമയം ബിജെപി 2014ലെ രണ്ട് സീറ്റുകളില്‍ നിന്നും 14 സീറ്റുകളായി ശക്തി ഉയര്‍ത്തുകയും ചെയ്തു. ഈ കണക്കുകളാണ് മമതയെ ഭയപ്പെടുത്തുന്നത്.
പ്രതിപക്ഷം സഖ്യവുമായി എത്തിയെങ്കിലും പശ്ചിമ ബംഗാളിന് പുറത്ത് മാത്രം സഖ്യം ആകാം എന്നാണ് മമതയുടെ നിലപാട്. വലിയ തോതില്‍ ഭരണ വിരുദ്ധ വികാരം ബംഗാളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകള്‍. ഒപ്പം വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളും വലിയ ചര്‍ച്ചയാകുന്നു. സന്ദേശ് വാലി എന്ന സ്ഥലത്തെ അതിക്രമം വലിയ ചര്‍ച്ചയായിരുന്നു. ഇതേ സംഭവത്തിലെ ഇരയെ തന്നെയാണ് ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും.