മ്യൂസിയത്തില്‍ വെച്ചാല്‍ ജനം ഇരച്ച് കയറുമെന്ന് മന്ത്രിമാര്‍ പറഞ്ഞ നവകേരള ബസില്‍ കേറാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. ബസ് ബെംഗളൂരു- കോഴിക്കോട് റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വലിയ സംഭവമാണെന്നും ബസില്‍ യാത്രക്കാര്‍ കയറുമെന്നുമുള്ള പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്.
ഈ മാസം നവകേരള ബസ് ലാഭത്തില്‍ ഓടിയത് ഒറ്റ ദിവസം മാത്രമാണ്. ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താല്‍ ഏഴിന് മാത്രമാണ് ബസ് ലാഭത്തിലോടിയത്. ആളില്ലാത്തതിനാല്‍ ബുധനും വ്യാഴവും സര്‍വീസ് നടത്തിയില്ല. ബസില്‍ കോഴിക്കോട് നിന്നും ബെംഗളൂരു വരെ ടിക്കറ്റ് നിരക്ക് 1240 രൂപയാണ്.
ബസില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. രണ്ട് ട്രിപ്പിലും യാത്രക്കാര്‍ നിറഞ്ഞാല്‍ 62000 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുക. എന്നാല്‍ ചിലവ് 40000 രൂപയോളം വരും. ബസില്‍ സീറ്റ് നിറഞ്ഞോടിയ ഒറ്റ ദിവസം പോലുമില്ല. കോഴിക്കോട് നിന്നും മറ്റ് ബസുകള്‍ക്ക് 700 രൂപാണ് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ 1240 രൂപയാണ് നവകേരള ബസിലെ ടിക്കറ്റ് നിരക്ക്. ഇതും നവ കേരള ബസിന്റെ സര്‍വീസിനെ പ്രതീകൂലമായി ബാധിച്ചു.
ബസില്‍ ഏത് സ്റ്റോപ്പില്‍ നിന്നും എവിടേക്ക് കയറിയാലും ടിക്കറ്റ് നിരക്കില്‍ വിത്യാസമില്ലതാനും. എന്നാല്‍ നഷ്ടം താല്‍ക്കാലികമാണെന്നും. ബെംഗളൂരുവിലേക്കുള്ള എല്ലാ ബസിലും യാത്രക്കാര്‍ കുറവാണെന്നുമാണ് കെഎസ്ആര്‍ടിസിയുടെ പ്രതികരണം.