ജയില്‍ മോചിതനായ ശേഷം പ്രതികരണവുമായി നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ എത്തിയ ശേഷമാണ് നടന്റെ പ്രതികരണം.
താന്‍ രാജ്യത്തെ നിയമം പാലിക്കുന്ന പൗരനാണ്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും തനിക്ക് പിന്തുണയുമായി എത്തി. അന്വേഷണവുമായി സഹരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വേദനജനകമായ സംഭവമാണെന്നും താന്‍ ആ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
കോടതി ഉത്തരവ് ജയിലില്‍ എത്തിയ ശേഷം ശനിയാഴ്ച രാവിലെയാണ് നടന്‍ ജയിലില്‍ നിന്നും പുറത്തിറക്കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നടന്‍ ആദ്യം പോയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലേക്കാണ്. വീടിന് പുറത്ത് സഹോദരനും ഭാര്യയും മക്കളും അല്ലു അര്‍ജുനെ സ്വീകരിച്ചു.