കൊച്ചി. പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. പാതിവില തട്ടിപ്പ് കേസിലെ പ്രതികളായ അനന്തു കൃഷ്ണന്, സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ അനന്ദകുമാര്, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലുമാണ് പരിശോധന.
ചൂതാട്ട വിരുദ്ധ, കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരില്‍ നിന്നും ഇഡി കഴിഞ്ഞ ദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 159 കോടി രൂപയുടെ അഴിതി നടന്നതായിട്ടാണ് വിവരം. സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത പണം കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കേസിലെ ഒന്നാം പ്രതിയായ അനന്തു കൃഷ്ണന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം നല്‍കിയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം തനിക്ക് അനന്തുകൃഷ്ണന് നല്‍കിയത് വക്കീല്‍ ഫീസാണെന്നാണ് ലാലി പറയുന്നത്. അതേസമയം ലാലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി ഇത്രയും വലിയ തുക വക്കീല്‍ ഫീസായ വാങ്ങിയതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.