ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍ വഴിയാണ് ടെസ്ല ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഇന്ത്യയില്‍ 13 തസ്തികയിലേക്കുള്ള നിയമനത്തിനാണ് ടെസ്ല ശ്രമിക്കുന്നത്.
അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ലയുടെ ഉടമ എലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയിലേക്കുള്ള വരവിനായി ടെസ്ല ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയില്‍ ടെസ്ല കാറുകളുടെ നിര്‍മ്മാണം ആരംഭിക്കണം എന്നയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം ടെസ്ല കാറുകള്‍ എന്ന് ഇന്ത്യയില്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമുള്ള തസ്തികയിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരിക്കും നിയമനം.