കൊച്ചി. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ തുറമുഖ നിര്‍മ്മാണത്തിനുള്ള സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്താക്കിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിഷപ്പുമാര്‍ക്കെതിരെ കേസ് എടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പ് കോടതില്‍ പറഞ്ഞു. എന്ത് കൊണ്ട് സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടില്ലെന്നും അദാനി ചോദിക്കുന്നു. തുടര്‍ന്നാണ് പദ്ധതി പ്രദേശത്തെ സുരക്ഷ ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോടതിയെ സര്‍ക്കാര്‍ ആറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് വിവിരം കോടതിയെ അറിയിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.