ജോലി സമയത്തും വീട്ടില്‍ വന്ന് ടിവി കണ്ടുകൊണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാന് എന്തു രസമാണ് അല്ലെ. ഇപ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ വന്നപ്പോള്‍ ടിവി കണ്ടിരിക്കുന്ന സമയം കൂടിയിട്ടുണ്ടോ?. എന്നാല്‍ ടിവിക്കു മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നവര്‍ ആരോഗ്യം കൂടി ശ്രദ്ധിക്കണം പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെ. സമയത്തിന് വ്യായാമം ചെയ്യാത്തവര്‍ ടിവിക്കു മുന്നില്‍ കൂടുതല്‍ നേരം ചെലവിടുമ്പോള്‍ അമിതവണ്ണം കൂടെപ്പോരും.
ടിവി കാണുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നേരം ടിവി കണ്ടിരിക്കുന്നവര്‍ക്ക് അമിതവണ്ണം മാത്രമല്ല,ഹൃദ്രോഗം,പ്രമേഹം തുടങ്ങിയവയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ടിവി കണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് അമിതമാകാന്‍ സാധ്യതയേറെയാണ്. ഇത് അമിതവണ്ണത്തിനിടയാക്കുന്നു. കൂടുതല്‍ നേരം ടിവി കാണുന്നത് കണ്ണിനും ദോഷകരമാണ്.
അമിതമായി ടിവി കാണുന്നത് നേത്രരോഗങ്ങള്‍ക്കു വഴിവച്ചേക്കാം. മുതിര്‍ന്ന പൗരന്മാര്ക്ക് നല്ല ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ നേരം ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നല്ല ഉറക്കം വേണം. ആഹ്ലാദകരമായ മാനസികാവസ്ഥ നിലനിര്‍ത്താനും ഉറക്കം അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തില്‍ ടിവി കണ്ടിരിക്കാന്‍ മുതിര്‍ന്ന പൗരന്മാര് ശ്രദ്ധിക്കണം.