കൊച്ചി. ശബരിമലയില്‍ വലിയതോതില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ശബരിമലയില്‍ ദര്‍ശന സമയം നീട്ടാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. തിരക്ക് വര്‍ധിക്കുന്നതിനാല്‍ ദര്‍ശനസമയം കൂട്ടാന്‍ സാധിക്കുമോ എന്ന് അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ദര്‍ശന സമയം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് ദര്‍ശന സമയം വര്‍ധിപ്പിക്കുക. ഇതോടെ 18 മണിക്കൂര്‍ ആയിരുന്ന ദര്‍ശന സമയം 19 മണിക്കൂര്‍ ആയി വര്‍ധിച്ചു. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ശബരിമലയില്‍ ദര്‍ശന സമയം. ഇനി രാത്രി 11.20 ന് ഹരിവരാസനം പാടി നട അടക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും എല്ലാ ഭക്തര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പത്തനംതിട്ട കളക്ടറോടും പോലീസിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം തന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ദര്‍ശന സമയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തത്. വലിയ തിരക്കാണ് കഴിഞ്ഞ ദിവസം ശബരിമലയില്‍ ഉണ്ടായത്. കോവിഡ് കാലത്തിന് ശേഷം ശബരിമലയില്‍ വലിയ തോതില്‍ ഭക്തര്‍ എത്തുന്നുണ്ട്. ബുക്കിങ്ങിലൂടെ നിയന്ത്രണം വേണ്ടിവരുമെന്ന് പോലീസും ദേവസ്വം ബോര്‍ഡും പറയുന്നു. അതേസമയം എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ലഭിക്കണമെന്നും ദര്‍ശനം ലഭിക്കാതെ ആരും മടങ്ങേണ്ടിവരരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.