പല സ്ഥലങ്ങളില്‍ മധുവിധു ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നവരാണ് എല്ലാവരും. വിവാഹത്തിന് മുമ്പ് തന്നെ മധുവിധു എവിടെ ആഘോഷിക്കണമെന്ന കാര്യത്തില്‍ വരനും വധുവും തമ്മില്‍ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടാകും. എന്നാല്‍ എല്ലാവരും ചെന്ന് എത്തുന്നതാകട്ടെ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലുമാകും. എന്നാല്‍ റഷ്യയില്‍ നിന്നും മധുവിധു ആഘോഷിക്കുവാന്‍ രണ്ട് പേര്‍ എത്തിയത് നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു കൃഷിത്തോട്ടത്തിലാണ്.
റഷ്യന്‍ ദമ്പതികളായ ബോഗ്ദാന്‍ ഡ്വോറോവിയും അലക്‌സാഡ്രിയും ആണ് ആ സഞ്ചാരികള്‍. ലോകം മുഴുവന്‍ സഞ്ചരിച്ച് ജൈവ കൃഷി പഠിക്കുകയാണ് ലക്ഷ്യം എന്ന് ഇവര്‍ ഇരുവരും വിവാഹിതരാകുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് മധുവിധു കൃഷി ചെയ്ത് ആഘോഷിക്കാം എന്ന് തീരുമാനിച്ചത്. ജൈവ കൃഷിയെ വളരെ അധികം സ്‌നേഹിക്കുന്ന കണ്ണൂര്‍ ആദികടലായിയിലെ ജൈവ കര്‍ഷകനായ ഇ വി ഹാരിസാണ് ഇരുവരെയും കേരളത്തിലേക്ക് ക്ഷണിച്ചത്.
ബോഗ്ദാന്‍ ഡ്വോറോവിയും അലക്‌സാഡ്രിയയും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ബിരുദധാരികളായ ഇരുവരും യാത്രക്കിടെയാണ് ഇഷ്ടത്തിലായതും വിവാഹിതരാകുന്നതും. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇരുവരും ജൈവ കൃഷി പഠിക്കുകയാണ് ചെയ്യുന്നത്. വേള്‍ഡ് വൈഡ് ഓപ്പര്‍ച്ചൂണിറ്റീസ് ഓണ്‍ ഓര്‍ഗാനിക് ഫാംസ് ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ ഹാരീസ് തന്റെ ഫാം രജിസ്റ്റര്‍ ചെയ്തിരുന്നു. അങ്ങനെയാണ് ഇരുവരും ഹാരീസിന്റെ ഫാമിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഇരുവരും ഹാരീസിനെ വിളിച്ച് ഫാം കാണുവാന്‍ വരാനും കൃഷി രീതികള്‍ പഠിക്കുവാനുമുള്ള താല്പര്യം അറിയിച്ചു. തുടര്‍ന്ന് സമ്മതം ഹാരീസ് അറിയിച്ചതോടെ റഷ്യയില്‍ നിന്നും ഇരുവരും കണ്ണൂരില്‍ എത്തുയായിരുന്നു.
15 വര്‍ഷമായി ഹാരീസ് ജൈവ കൃഷി ചെയ്യുന്നുണ്ട്. അതിരാവിലെ തന്നെ കൃഷിയിടത്തിലേക്ക് ജോലിക്കായി ഇരുവരും എത്തും. തുടര്‍ന്ന് തങ്ങള്‍ നട്ട് വളര്‍ത്തിയ പയര്‍, വെണ്ട, ചീര, ഇഞ്ചി എന്നിവയ്ക്ക് വേണ്ട പരിപാലനങ്ങള്‍ ചെയ്യും. റഷ്യയില്‍ വീട്ടീവശ്യത്തിനുള്ള പച്ചക്കറി ബോഗ്ദാന്‍ സ്വയം കൃഷി ചെയ്യുകയാണ്. കൃഷിയിടത്തില്‍ ചെടികളോട് കുശലം പറഞ്ഞും വളമിട്ടും, കളപറിച്ചും സന്തോഷിക്കുകയാണ് ഇരുവരും.