തിരുവനന്തപുരം. ജി എസ് ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍ ഉള്ളത് 780 കോടിയാണെന്ന് മന്ത്രി സമ്മതിച്ചു. ഒക്ടോബറില്‍ നിയമസഭയില്‍ അദ്ദേഹം കേന്ദ്രത്തില്‍ നിന്നും നഷ്ടപരിഹാരമായി 4466 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിലും നഷ്ടപരിഹാരമായി 1548 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു.
ജി എസ് ടി നഷ്ടപരിഹാരം ലോക്‌സഭയില്‍ ഉയര്‍ത്തിയ ശശി തരൂര്‍ കേരളത്തിന് 4466 കോടി രൂപ നല്‍കുവാന്‍ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ കേരളത്തിന് 780 കോടി മാത്രമാണ് നല്‍കുവാന്‍ ഉള്ളതെന്നും ഈ തുക കേരളം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുറയ്ക്ക് നല്‍കുമെന്നും വ്യക്തമാക്കി. സംസ്ഥാനവും കേന്ദ്രവും വിത്യസ്ത കണക്കുകള്‍ പുറത്ത് പറയവെയാണ് നഷ്ടപരിഹാര വിഷയത്തില്‍ വ്യക്തതവരുത്തി ധനമന്ത്രി ബാലഗോപാല്‍ ഇപ്പോള്‍ രംഗത്തെത്തിയത്.
ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. പ്രതിവര്‍ഷം 12000 കോടിയുടെ കുറവാണ് ജി എസ് ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിന് ഉണ്ടായതെന്നും ഇതിന് പുറമേ 6700 കോടിയുടെ കുറവാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റില്‍ ഈ വര്‍ഷം എന്നും മന്ത്രി പറയുന്നു. ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവര്‍ത്തക്കുന്ന കിഫ്ബിയുടെയും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബോര്‍ഡിന്റെയും കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയതോടെ കേരളത്തിന് 12500 കോടിയുടെ കടവും നഷ്ടമായി എന്ന് അദ്ദേഹം പറയുന്നു.