ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മാത്രമാണ് ദേശീയ പാത വികസനത്തിന് പദ്ധതി ചെലവിന്റെ 25 ശതമാനം നല്‍കുന്നതെന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്. അല്‍ സംസ്ഥാനമായ കര്‍ണാടകം ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ചെലവിന്റെ 30 ശതമാനവും റിങ് റോഡുകളുടെ ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടില്‍ എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാക്കുന്ന 470 കോടി രൂപയില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനും കര്‍ണാടകത്തിനും പുറമേ ഹിമാചല്‍ പ്രദേശ്, ഉത്തരപ്രദേശ്, തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ ചെലവിന്റെ 50 ശതമാനവും ബിഹാര്‍ നൂറ് ശതമാനവും ചെലവഴിക്കുന്നുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
ദേശീയ പാതാ നിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായും ദേശീയ പാത അതോറിറ്റിയാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കേണ്ടത്. അല്ലാതെ ഭൂമി ഏറ്റെടുക്കുവാന്‍ സാധിക്കില്ല. ദേശീയ പാത നിര്‍മിക്കുന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ സഹായം കേന്ദ്രം നല്‍കുന്നുണ്ട്. ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കലിനായി 25 ശതമാനം തുക ചെലവാക്കുവാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ നിര്‍മിക്കുമെന്നും അദ്ദേഹം ചോദിച്ചു.