ജയ്പുര്‍. ബി ജെ പിയെ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാം എന്നും രാഹുല്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബി ജെ പിക്കൊപ്പം മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ മനസ്സിലാണ് കോണ്‍ഗ്രസ്. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ വളരെ ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്. ഫാസിസത്തിനെതിരെ ശക്തമായ നിലലപാട് എടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ്, ഫാഷിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാക്കിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്. ഇക്കാര്യം നമ്മുടെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കുന്നു, സൈനികരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അതിനുള്ള തന്ത്രങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നില്ല രാഹുല്‍ പറഞ്ഞു. ചൈനയുടെ ഭീഷണിയില്‍ സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.