ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്ഡശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അരുണാചല്‍ പ്രദേശിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് എസ് ജയശങ്കര്‍ രംഗത്തെത്തിയത്. പ്രഹരമേല്‍പ്പിച്ചു എന്ന വാക്ക് നമ്മുടെ സൈന്യത്തെ പരാമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കരുതായിരുന്നുവെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പ്രശ്നമില്ല എന്നാല്‍ നമ്മുടെ സൈന്യത്തെ അവഹേളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനക്കെതിരെ നിസ്സംഗരാണെങ്കില് പിന്നെ ആരാണ് അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചത്. പിന്നെ എന്തിനാണ് അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സമ്മര്‍ദം ചെലുത്തുന്നത്. പിന്നെ എന്തിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരമല്ലെന്ന് പൊതു ഇടത്തില്‍ വിളിച്ചു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രക്കിടെ ജയ്പൂരില്‍ വെച്ചായിരുന്നു രാഹുല്‍ സൈന്യത്തെ അവഹേളിച്ചത്.
ചൈന യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. നിലവിലെ അവസ്ഥ മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് പ്രഹരമേല്‍പ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.