ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചിരുന്നു. അതേസമയം സംവിധായകന് എം പദ്മകുമാര്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
സൂപ്പര്‍ താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രമാണ് ബാങ്കി തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പദ്മകുമാര്‍ പറയുന്നത്. കഥയിലെ കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക. അതിനോടൊപ്പം സഞ്ചരിക്കാന്‍ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കില്‍ മാളികപ്പുറം അതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.
എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കില്‍ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്. അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവള് വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണുവും കൂടിയാണെന്നും പദ്മകുമാര്‍ പറയുന്നു.
പോസ്റ്റിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന് കമന്റ് ചെയ്തിട്ടുമുണ്ട്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്.