സര്‍ക്കാര്‍ ജോലി യുവാക്കളുടെ സ്വപ്നമാണ്. എന്നാല്‍ അതിന് കൃത്യമായ പരിശീലനവും ചിട്ടയായ പഠനവും ആവശ്യമാണ്. പലപ്പോഴും ജീവിത പ്രശ്നങ്ങള്‍ മൂലവും പഠനത്തിനായി ചെലവാക്കുവാന്‍ പണം ഇല്ലാത്തതും സര്‍ക്കാര്‍ ജോലി എന്ന ചിലരുടെ സ്വപ്നത്തെ തല്ലിക്കെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ എക്കണോമിക്സ് അധ്യാപകന് ടി ബിജുവിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നടത്തുന്നത്.
കോഴിക്കോട് വടകര മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ചെറുപ്പക്കാരുടെ കൂട്ടം എപ്പോഴും കാണുവാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം നേടുവാന്‍ എത്തിയവരാണ് ഈ ചെറുപ്പക്കാര്‍. ഇതര ദേശത്ത് നന്നുപോലും ഇവിടെ ജോലി പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ ഉണ്ട്. ആരുടെയും സഹായമില്ലാതെയാണ് ബിജു സര്‍ക്കാര്‍ ജോലി നേടിയത്. പിന്നീട് തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കായി പരിശീലനം ഒരുക്കിയാണ് ശ്രീ അറക്കല്‍ പി എസ് സി കോച്ചിങ് സെന്ററിന്റെ തുടക്കം.
തുടക്കത്തില്‍ ഇത് വലിയ വിജയം നേടുമെന്ന് ബിജു പോലും കരുതിയിരുന്നില്ല. തന്റെ സുഹൃത്തുക്കള്‍ക്കും നാട്ടിലെ പാവപ്പെട്ടവര്‍ക്കും തന്നാല്‍ കഴിയുന്ന ഒരു സഹായം എന്ന് മാത്രമാണ് ബിജു കരുതിയത്. എന്നാല്‍ പരിശീലനം നേടിയവര്‍ എല്ലാം സര്‍ക്കാര്‍ ജോലി നേടിയതോടെ ബിജുവിനെയും അറക്കല്‍ കോച്ചിങ് സെന്ററിനെയും തേടി വിദ്യാര്‍ഥികള്‍ എത്തുവാന്‍ ആരംഭിച്ചു. 2013-ല്‍ ബിജുവിന്റെ വീട്ടില്‍ 10 അധികം പേര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടാണ് കോച്ചിങ് സെന്റര്‍ ആദ്യമായി വിപുലീകരിച്ചത്.
രാത്രി എട്ട് മുതല്‍ 10 വരെയായിരുന്നു പരിശീലനം. പങ്കെടുത്തവര്‍ എല്ലാവരും ജോലി നേടിയതോടെ പരിശീലനം വിപുലീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ അറക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് പരിശീലനം മാറ്റി. ഹാളും ഫര്‍ണിച്ചറും വെള്ളവും വൈദ്യുതിയും എല്ലാം ക്ഷേത്രം സൗജന്യമായി നല്കി. ഈ ബാച്ചിനും തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചത്. 2018 മുതലാണ് രാത്രിയില്‍ നിന്നും ക്ലാസ് പകല്‍ സമയത്തേക്ക് മാറ്റിയത്.
ആദ്യകാലത്തു ബിജു മാത്രമായിരുന്നു അധ്യാപകനെങ്കില്‍, പിന്നീടു വന്ന ബാച്ചുകളിലെ മിടുക്കരായ ഉദ്യോഗാര്‍ഥികള്‍തന്നെ അധ്യാപകരുമായി എത്തി. കോവിഡ് വന്നതോടെ പഠനം ഓണ്‍ലൈനിലായതോടെ കണ്ണൂര്‍, വയനാട്, കാസര്‍കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പഠിതാക്കളും ചേര്‍ന്നു. ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ബാച്ചില്‍ ബെംഗളൂരുവിലെയും ഗുജറാത്തിലെയും ഗള്‍ഫിലെയുമൊക്കെ ഉദ്യോഗാര്‍ഥികളടക്കം അറുനൂറോളം പേരുണ്ട്.
മടപ്പള്ളിയില്‍ വന്നു താമസിച്ച് ഓഫ്ലൈനായി പഠിക്കുന്നവരുമുണ്ട്. പുറമെനിന്നുള്ള അധ്യാപകരില്ലാതെയാണ് അറക്കല്‍ സെന്ററിന്റെ വിജയപ്രയാണം. ഇതിനകം എഴുപത്തഞ്ചിലേറെ സര്‍ക്കാര്‍ ജോലിക്കാരെ സൃഷ്ടിക്കാന്‍ ഈ കേന്ദ്രത്തിനു കഴിഞ്ഞു. 2022ല്‍ മാത്രം 36 പേരാണ് ഈ സെന്ററില്‍ പഠിച്ച് ജോലിക്കു കയറിയത്.