കാര്‍ഷിക മേഖലയില്‍ കേരളത്തില്‍ ആദ്യമായി ഗിന്നസ് റെക്കോർഡ് നേടി റെജി ജോസഫ്. 114 സെന്റിമീറ്റര്‍ നീളവും 94 സെന്റീമീറ്റര്‍ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉല്‍പ്പാദിപ്പിച്ചതിന് ദി ലാര്‍ജസ്റ്റ് ടാരോ ലീഫ് (The largest taro leaf) കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് റെജിയെ തേടി എത്തിയത്. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ് റെജി ജോസഫ്.
ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫ് മറികടന്നത്. കാര്‍ഷിക മേഖലയില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ ഗിന്നസ് നേട്ടമാണ് റെജി ജോസഫിന്റെ റെക്കോര്‍ഡ്. ഗിന്നസ് റെക്കോർഡ് ഓള് ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, സംസ്ഥാന സെക്രട്ടറി ഡോ ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് റെജി ജോസഫിന് സമ്മാനിച്ചു.
2013 ല്‍ ഉയരം കൂടിയ ചേമ്പിനും, 2014 ല്‍ ഉയരം കൂടിയ വെണ്ടക്കക്കും ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും,5 കിലോതൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടില് നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പില്‍ ഉല്‍പ്പാദിപ്പിച്ചതിന് യു ആര് എഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു.
2021 ല്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നും പ്ലാന്റ് ജിംനോം സെവിയര്‍ ഫാമാര്‍ റെക്കൊഗ്നേഷന്‍ അവാര്‍ഡും, 2022-ല്‍ പുസ കൃഷി വിഗ്വന്‍ മേളയില്‍ വെച്ച് ഇനോവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ കൃഷിയിലുള്ള താല്പര്യവും അതില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് റെജി ജോസഫിനെ ഗിന്നസിലേക്ക് എത്തിച്ചത്.