ട്രാക്കിലെത്തിയ നാള്‍ മുതല്‍ വലിയ ചര്‍ച്ചയാണ് ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ച്. ആദ്യമായി ദക്ഷിണേന്ത്യയിലേക്ക് എത്തിയ വന്ദേ ഭാരത് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്ത് സര്‍വീസ് ആരംഭിച്ച അഞ്ചാമത്തെ വന്ദേ ഭാരതാണ് ഇത്. ചെന്നൈയ്ക്ക് ശേഷം ബംഗാളിലും വന്ദേ ഭാരത് സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
അതേസമയം സര്‍വീസ് ആരംഭിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലും വിഡിയോ പ്ലാറ്റ് ഫോമുകളിലും, വ്‌ളോഗര്‍മാരുടെ ഇടയിലും വന്ദേ ഭാരത് വലിയ തരങ്കമാണ്. ട്രെയിന്‍ യാത്ര പലപ്പോഴും പലരും ഒഴുവാക്കുന്നതിന് കാരണം അതിലെ സൗകര്യ കുറവാണ്. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ യാത്ര ചെയ്യുവാന്‍ പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. അതേസമയം വന്ദേ ഭാരത് കാണുമ്പോള്‍ ട്രാക്കിലോടുന്ന വിമാനമാണോ എന്ന് സംശയം തോന്നും.
കാരണം ഒരു വിമാനയാത്രയില്‍ നമുക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വന്ദേ ഭാരതിലും ലഭിക്കും. യാത്രക്കാരെ സ്വീകരിക്കുവാനും ട്രെയിനുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും എപ്പോഴും ആളുകള്‍ ഉണ്ട്. വന്ദേ ഭാരതിന്റെ മറ്റൊരു സവിശേഷത വളരെ വേഗത്തില്‍ ഉയര്‍ന്ന വേഗത കൈവരിക്കുവാന്‍ സാധിക്കും എന്നതാണ്.
അതിനാല്‍ യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കുവാന്‍ സാധിക്കും. എക്‌സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാര്‍ക്ക് സീറ്റുകള്‍ 180 ഡിഗ്രിയില്‍ സ്വയം തിരിക്കുവാന്‍ സാധിക്കും. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്നതാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
ആവശ്യങ്ങള്‍ക്കായി ഓണ്‍ബോര്‍ഡ് ഹോട്ട്‌സ്പോട്ട് വൈഫൈ, സുഖപ്രദമായ റിവോള്‍വിംഗ് കസേരകള്‍ എന്നിവയുമുണ്ട്. ഈ ട്രെയിനില്‍ 1,128 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള ശേഷിയുണ്ട്. സാധാരണ ട്രെയിനില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ചങ്ങലയാണ് വലിക്കേണ്ടതെങ്കില്‍ വന്ദേ ഭാരതില്‍ സീറ്റിന് മുന്‍പിലെ ബട്ടന്‍ അമര്‍ത്തിയാല്‍ ക്രൂവുമായി സംസാരിക്കാനാവും.
എല്ലാ കോച്ചുകളും സിസിടിവി നിരീക്ഷണത്തിലാണ്. ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണവും എടുത്തുപറയേണ്ടതാണ്. ഇതിനൊപ്പം കോച്ചുകളുടെ വൃത്തിയും പരമപ്രധാനമാണ്. വന്ദേ ഭാരത് ട്രെയിനിലേക്ക് കയറുമ്പോള്‍ പുഞ്ചിരിയോടെയാവും റെയില്‍വേ ജീവനക്കാര്‍ നിങ്ങളെ സ്വീകരിക്കുക. ഈ വര്‍ഷം കേരളത്തിലും വന്ദേ ഭാരത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.