രാവിലെ പാല്‍ചായ കുടിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. എന്നാല്‍ കേരളത്തില്‍ ക്ഷീര കര്‍ഷകരും പാല് ഉല്പാദനവും വളരെ കുറഞ്ഞുവരുകയാണ് അതേസമയം പാലിന്റെ വിപണി കൂടി വരുകയും ചെയ്യുന്നു. ഈ ഉയര്‍ന്ന് വരുന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുവാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പാല് എത്തുന്നത്.
കേരളത്തില്‍ മില്‍മ വില കൂട്ടിയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് വിഷം കലര്‍ന്ന പാല്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിഷ പാല് കേരളത്തിലേക്ക് ടാങ്കര്‍ ലോറികളിലാണ് എത്തിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.
ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തിയ 15,300 ലിറ്റര്‍ പാല് കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ബുധനാഴ്ച പിടികൂടിയിരുന്നു. തമിഴ്നാട്ടിലെ തെങ്കാശി വി കെ പുതൂര്‍ വടിയൂര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പാല് കേരളത്തിലേക്ക് എത്തിയത്. പന്തളത്തെ ഒരു സ്വകാര്യ കമ്പനിയിലേക്കാണ് പാല് എത്തിച്ചതെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു.
പാല് കൂടുതല്‍ ദിവസം കേട് കൂടാതിരിക്കുന്നതിനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ക്കുന്നത്. പാലില്‍ കൊഴുപ്പ് വര്‍ധിപ്പിക്കുവാന്‍ യൂറിയ, ഫോര്‍മാലിന്‍ എന്നിവ ചേര്‍ത്ത പാല് കഴിഞ്ഞ ആഗസ്റ്റില്‍ മീനാക്ഷിപുരത്ത് പിടികൂടിയിരുന്നു. കൃത്യമായ പരിശോധനകള്‍ ഇല്ലാത്തതാണ് വിഷ പാല് കേരളത്തിലേക്ക് എത്തുന്നതിന് കാരണം.
കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണ നിലവാരം പരിശോധിക്കുവാന്‍ കേരളത്തിലെ മൂന്ന് ചെക്ക് പോസ്റ്റുകളില്‍ മാത്രമാണ് സംവിധാനം. മീനാക്ഷിപുരം, പാറശാല, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് സംവിധാനം ഉള്ളത്. എന്നാല്‍ കേരളത്തിലെ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്ക് പോസ്റ്റുകളില്‍ കൂടെ വിഷം കലര്‍ന്ന പാല് കേരളത്തിലേക്ക് ഒഴുകുകയാണ്.