നദിയില്‍ കൂടിയുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ആഡംബര ഉല്ലാസ നൗക ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 51 ദിവസം എടുത്ത് ഇന്ത്യയിലേയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര. ഈ യാത്രയില്‍ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ ദിവസങ്ങളില്‍ ഉല്ലാസ നൗക 3200 കിലോമീറ്റര്‍ പിന്നിടും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഗംഗാവിലാസ് ക്രൂയിസ് യാത്രയ്ക്ക് തുടക്കമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ. ഗംഗാവിലാസ് ക്രൂയിസ് യാത്ര ആരംഭിച്ചതോടെ ഇത് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്ന പ്രതിക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ ജി ഡി പിയുടെ 9.2 ശതമാനമാണ് ടൂറിസം രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ടൂറിസം മേഖലയിലെ കൂടുതല്‍ ചലനാത്മകമായ സാധ്യതകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി നദീജല ക്രൂയിസ് ടൂറിസത്തിന്റെ പുത്തന്‍ ഏടുകള്‍ മറിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
12 മീറ്റര്‍ വിസ്താരവും 62 മീറ്റര്‍ നീളവുമാണ് കപ്പലിനുള്ളത്. അത്യാധുനിക ആഡംബര സൗകര്യങ്ങള്‍ എം വി ഗംഗാവിലാസില്‍ ഒരുക്കിയിട്ടുണ്ട്. വാരണാസിയില്‍ നിന്നും ദിബ്രുഗഡിലേക്കുള്ള 3200 കിലോമീറ്റര്‍ യാത്ര വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. യാത്രയില്‍ 27 നദികളിലൂടെയും പര്യടനം നടത്തുവാന്‍ സാധിക്കും. 51 ദിവസത്തെ നദീയാത്രയില്‍ പൈതൃക കേന്ദ്രങ്ങള്‍, ദേശീയോദ്യാനങ്ങള്‍, നദീതടങ്ങള്‍ എന്നിവയുള്‍പ്പടെ അമ്പതോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കു ലഭിക്കുന്നത്.
ബിഹാര്‍ തലസ്ഥാനമായ പാറ്റ്ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ജ്, കൊല്‍ക്കത്ത, ബംഗ്ലദേശ് തലസ്ഥാനമായ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ ഗംഗാവിലാസ് കടന്നു പോകും. വാരണസിയിലെ പ്രസിദ്ധമായ ഗംഗാ ആരതി കാണാന്‍ സര്‍നാഥിലും ക്രൂസ് നിര്‍ത്തും. താന്ത്രിക കലകള്‍ക്ക് പേരു കേട്ട മയോങ്ങ്, അസമിലെ ഏറ്റവും വലിപ്പമേറിയ നദീദ്വീപും വൈഷ്ണവ സംസ്കാരത്തിന്റെ ആസ്ഥാനവുമായ മജൂലി എന്നിവയും ഗംഗാവിലാസ് സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ ജൈവവൈവിധ്യം പരിചയപ്പെടുത്താന്‍ ദേശീയോദ്യാനമായ കസിരംഗയിലും സുന്ദര്‍ബന്‍ ഡെല്‍റ്റയിലും ക്രൂയിസിന് സ്റ്റോപ്പുണ്ട്. ഇങ്ങനെ ലോകത്തിന് ഇന്ത്യയുടെ സാംസ്കാരിക വൈവിദ്യവും പൈതൃകവും ജൈവ വൈവിദ്യവും മനസിലാക്കുവാന്‍ സാധിക്കും. വിദേശ സഞ്ചാരികള്‍ കൂടുതലും ഇന്ത്യയിലേക്ക് എത്തുന്നത് ഇന്ത്യയുടെ വിത്യസ്തമായ വൈവിധ്യങ്ങള്‍ കാണുന്നതിനാണ്.
ജലം ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നദിയില്‍ നിന്നും ജലം നേരിട്ട് ശേഖരിച്ച് ഉപയോഗിക്കുന്ന രീതിയാണിത്. പുറമേ കപ്പലില്‍ നിന്നും പുറത്തേക്ക് കളയുന്ന വെള്ളത്തില്‍ നിന്നും എണ്ണയും കൊഴുപ്പും വേര്‍പ്പെടുത്തുവാനും സംവിധാനം ഉണ്ട്. ജനുവരി 12ന് ആരംഭിക്കുന്ന ആദ്യ യാത്ര അവസാനിക്കുന്നത് മാര്‍ച്ച് ഒന്നിനായിരിക്കും. പ്രതിദിനം 25000 രൂപ എന്ന നിരക്കില്‍ 13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് യാത്ര ചിലവ്.
ലോകത്ത് നദീജല ക്രൂയിസിന്റെ വിപണിവിഹിതം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരികയാണ്. 2027-ഓടെ ആഗോള വിനോദസഞ്ചാരവിപണിയില്‍ ക്രൂയിസിന്റെ വിഹിതം 37 ശതമാനമായി ഉയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. ഗംഗാവിലാസിന്റെ വരവ് ഇന്ത്യയുടെ ക്രൂയിസ് ടൂറിസത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.