കേരള ടൂറിസത്തിന് വന്‍ കുതിപ്പ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെ കേരളത്തെ തേടി മറ്റൊരു അംഗീകാരം. 2023- ല്‍ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളത്തെയും ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ഇന്ത്യയില്‍ നിന്നും കേരളം മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്.
കേരളത്തിന്റെ പ്രത്യേകതകളായ ഉത്സവങ്ങള്‍, അനുഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം കേരളത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. കേരളത്തിലെ ബിച്ചുകള്‍ കായലുകള്‍ രൂചി വൈവിദ്യം എന്നിവയും വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കന്ന കാര്യമാണ്. ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായ കുമരകത്ത് സഞ്ചാരികള്‍ക്കായുളള കനാല്‍ യാത്ര, കയര്‍പിരി, തെങ്ങ് കയറ്റം,? മറവന്‍ തുരുത്തിലെ സ്ട്രീറ്റ് ടൂറിസം പദ്ധതി, വൈക്കത്തഷ്ടമി എന്നിവയെപ്പറ്റിയും റിപ്പോട്ടില്‍ പരാമര്‍ശമുണ്ട്.
മാധ്യമ പ്രവര്‍ത്തകനായ പേയ്ജ് മക് ക്ലാനാണ് കേരളം സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെ അംഗീകാരം കേരളത്തിലെ ടൂറിസം വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും എന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍. കോവിഡിന് ശേഷം ടൂറിസം ഇപ്പോള്‍ വളര്‍ച്ചയുടെ പാതിയിലാണ്.