തിരുവനന്തപുരം. കേരളത്തില്‍ നരബലി ഉള്‍പ്പെടെ നിരവധി അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തയുവാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മതപരമായ ആചാരങ്ങളെ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്.
കരട് ബില്‍ നിയമവകുപ്പ് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബില്‍ പഠിച്ച ശേഷം അനുമതി നല്കിയാല് മന്ത്രിസഭ യോഗം വിഷയം ചര്‍ച്ച ചെയ്ത ശേഷം നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി നല്‍കും. ബില്ല് വിവാദമാകാതിരിക്കുവാന് ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം. വിവാദമാകുന്ന കാര്യങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ബില്ല് തയ്യാറാക്കുന്ന സമയത്ത് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധിച്ച് ഒഴിവാക്കുകയായിരുന്നു. തൂക്കം,അഗ്നിക്കാവടി, കുത്തിയാട്ടം എന്നി ആചാരങ്ങളെ ഒഴിവാക്കുവനാണ് നിയമ വകുപ്പിന്റെ നിര്‍ദേശം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ലഭിക്കുന്ന രീതിയിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.
ഒരാളുടെ അനുമതിയോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെങ്കിലും നിയമത്തില്‍ അനുമതിയായി കണക്കാക്കില്ല. അന്ധവിശ്വാസത്തിനിടെ മരണം സംഭവിച്ചാല്‍ കൊലക്കുറ്റത്തിന് നിയമത്തില്‍ പറയുന്ന ശിക്ഷ നല്‍കണം. ഗുരുതരാമായി പരിക്കേറ്റാല്‍ ഐ പി സി 326 ചുമത്താം. ഇത്തരം പ്രവര്‍ത്തികള്‍ക്കായി നിരവധി പരസ്യങ്ങളാണ് പത്രങ്ങളില്‍ കാണുന്നത് ഇനി ഇത്തരം പരസ്യം നല്‍കുന്നവരും അകത്താകും.
അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം നല്കിയാല് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷംവരെ തടവും 5,000 മുതല്‍ 50,000 രൂപ വരെ പിഴയുമാണു ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കില്‍ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടിയെടുക്കും. തട്ടിപ്പു കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താനും ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാനും പോലീസിനു ബില്ലില്‍ അധികാരം നല്‍കുന്നുണ്ട്.