രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 40 ശതമാനം. അതേസമയം ജനസംഖ്യയുടെ പകുതിയോളം വരുന്ന പാവപ്പെട്ടവരുടെ സമ്പത്ത് ഒരു മിച്ച് ചേര്‍ത്താല്‍ ലഭിക്കുന്നത് മൊത്തം സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമെന്ന് ഓക്‌സ് ഫാം ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് ഓക്‌സ്ഫാം ഇന്ത്യ.
സംഘടന സര്‍വൈവല്‍ ഒഫ് ദി റിച്ചസ്റ്റ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരില്‍ നിന്നും അഞ്ച് ശതമാനം നികുതി കൂടുതല്‍ ഈടാക്കിയാല്‍ രാജ്യത്തെ പാവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ വിടാന്‍ സാധിക്കുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംഘടന വ്യക്തമാക്കി. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഗൗതം അദാനിയുടെ പക്കല്‍ നിന്നും നികുതി ചുമത്തിയാല്‍ തന്നെ 1.79 ലക്ഷം കോടി രൂപ ലഭിക്കും.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 5 ദശലക്ഷം പ്രൈമറി സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ ശമ്പളം ഒരു വര്‍ഷം നല്‍കുവാന്‍ ഈ തുക മതിയാകുമെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ തന്നെ ശതകോടീശ്വന്മാര്‍ക്ക് അവരുടെ മുഴുവന്‍ സ്‌നത്തിനും രണ്ട് ശതമാനം അധിക നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷം രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുവാന്‍ ആ തുക മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021, 22 വര്‍ഷത്തില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ച മൊത്തം വരുമാനമായ 14.83 ലക്ഷം കോടി രൂപയില്‍ ഏകദേശം 64 ശതമാനവും ജനസംഖ്യയുടെ താഴെതട്ടിലുള്ള 50 ശതമാനം ജനങ്ങളില്‍ നിന്ന് ലഭിച്ചതാണ്. ഇതിന്റെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിലെ പത്ത് അതിസമ്പന്നരില്‍ നിന്ന് വന്നത്.
രാജ്യത്തെ സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനായി സമ്പത്തിക നികുതി തലമുറ കൈമാറ്റ നികുതി തുടങ്ങിയവ നടപ്പിലാക്കണമെന്ന് ഓക്സ്ഫാം ഇന്ത്യ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അതിസമ്പന്നരില്‍ നിന്ന് ഈടാക്കുന്ന നികുതി തുക സ്ഥിരമായി വര്‍ദ്ധിപ്പിക്കണം എന്നാണ് സംഘടന പറയുന്നുത്. അനന്തരാവകാശനികുതി,സ്വത്ത് നികുതി, ഭൂനികുതി എന്നിവ നടപ്പിലാക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേശീയ ആരോഗ്യ നയത്തില്‍ വിഭാവനം ചെയ്യുന്നതുപോലെ 2025- ഓടെ ആരോഗ്യമേഖലയുടെ ബഡ്ജറ്റ് വിഹിതം ജി ഡി പിയുടെ 2.5 ശതമാനമായി ഉയര്‍ത്തണം. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വിദ്യാഭ്യാസത്തിനായുള്ള ബഡ്ജറ്റ് വിഹിതം ജി ഡി പി യുടെ ആറ് ശതമാനം എന്ന ആഗോള മാനദണ്ഡത്തിലേയ്ക്ക് ഉയര്‍ത്തണമെന്നും ഓക്സ്ഫാം ശുപാര്‍ശ ചെയ്യുന്നു.