ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ടേപ്പ് റെക്കോര്‍ഡുകള്‍. പാട്ടുകേട്ടും പ്രണയിച്ചും അക്കാലത്ത് മിക്ക ആളുകളും ടേപ്പ് റെക്കോര്‍ഡുകള്‍ ഉപയോഗിച്ചു. എന്നാല്‍ ടെക്‌നോളജിയില്‍ വലിയ മാറ്റം വന്നതോടെ ടേപ്പ് റെക്കോര്‍ഡുകളുടെ കാലവും മണ്‍മറിഞ്ഞു. ഇന്ന് നമ്മള്‍ ഫോണില്‍ എത് ഗാനം ആവശ്യപ്പെട്ടാലും കേള്‍പ്പിക്കുവാന്‍ ആപ്പുകള്‍ ഉണ്ട്. എന്നാല്‍ ആ പഴയകാലത്തിന്റെ ഓര്‍മ്മകള്‍ തേടി ഇറങ്ങിയിരിക്കുകയാണ് ഒരു യുവാവ്.
പിറന്നാള്‍ സമ്മാനമായി ഭാര്യയ്ക്ക് എന്ത് നല്‍കും എന്ന ചോദ്യമാണ് കാക്കനാട് പള്ളിക്കര സ്വദേശിയായ അരുണ്‍ മോഹനെ വിത്യസ്തമായ ചിന്തയിലേക്ക് എത്തിച്ചത്. പിന്നീട് മടിച്ചു നിന്നില്ല ഭാര്യയ്ക്കായി 1975 മുതല്‍ 2001 വരെ ഉപയോഗത്തിലിരുന്ന 68 ടേപ്പ് റെക്കോര്‍ഡുകളാണ് അരുണ്‍ ശേഖരിച്ചത്. ഇതിനായി രണ്ട് ലക്ഷത്തോളം രൂപയും അരുണ്‍ മുടക്കി.
ടേപ്പ് റെക്കോര്‍ഡുകള്‍ ശേഖരിക്കുവനായി നടത്തിയ യാത്രകളില്‍ സ്‌നേഹത്തിന്റെ നിറവും കണ്ണീരിന്റെ നനവും കണ്ടുവെന്ന് അരുണ്‍ പറയുന്നു. ചില ടേപ്പുകള്‍ക്ക് ഒപ്പം ലഭിച്ച കാസറ്റുകളില്‍ വര്‍ഷങ്ങള്‍ പഴകിയ പ്രണയം ഉണ്ടായിരുന്നു. പ്രണയിച്ചവന് സമ്മാനമായി റെക്കോര്‍ഡ് ചെയ്ത കമല്‍ഹാസന്റെ പ്രശസ്തമായ ഗുണ സിനിമയിലെ പാട്ട് വരെ അതില്‍ ഭദ്രമായി ഉണ്ടായിരുന്നുവെന്ന് അരുണ്‍ പറയുന്നു.
അതേസമയം കോവിഡ് മൂലം കേള്‍വിശക്തി നഷ്ടപ്പെട്ട വ്യക്തി കടയില്‍ നല്‍കിയ ടേപ്പ് റെക്കോര്‍ഡും ശേഖരത്തില്‍ ഉള്ളതായി അരുണ്‍ പറഞ്ഞു. ഭാര്യയുടെ പിറന്നാളിന് സമ്മാനം നല്‍കുവാന്‍ ആലുവയിലെ വിന്റേജ് കടയില്‍ എത്തിയതോടെയാണ് ടേപ്പ് റെക്കോര്‍ഡുകളോട് അരുണിന് സ്‌നേഹം ആരംഭിക്കുന്നത്. അന്ന് 1975 മോഡല്‍ ആര്‍ ക്യൂ 5-65 ഡി പാനാസോണിക് ടേപ്പ് റെക്കോര്‍ഡാണ് വാങ്ങിയത്.
പിന്നീട് അങ്ങോട്ട് പയനീര്‍, ഷാര്‍പ്പ്, നാഷണല്‍ പാനസോണിക്, സാനിയോ, സോണി ടേപ്പ് റെക്കാര്‍ഡുകള്‍ എന്നിവയും അരുണ്‍ ശേഖരിച്ചു. ടേപ്പ് റെക്കോര്‍ഡുകള്‍ തേടി അരുണ്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും യാത്ര നടത്തിയിരുന്നു. ശേഖരിച്ചവയില്‍ മിക്കവയും പ്രവര്‍ത്തിക്കുന്നതാണ്. ശേഖരിക്കുന്നവയില്‍ എന്തെങ്കിലും വലിയ തകരാര്‍ ഉള്ളതാണെങ്കില്‍ കടയില്‍ കൊടുത്ത് ശരിയാക്കും എന്നാല്‍ ചെറിയ തകരാറുള്ളവ അച്ഛന്‍ തന്നെ ശരിയാക്കുമെന്ന് അരുണ്‍ പറയുന്നു.
ശേഖരണത്തില്‍ 1975 മതുല്‍ 1995 കാലഘട്ടത്തിലെ 600 കാസറ്റുകളിലായി 6000 ലേറെ ഇംഗ്ലീഷ് ആല്‍ബം പാട്ടുകളും അരുണിന്റെ കൈവശമുണ്ട്. 1980 മുതലുള്ള വിവിധ ഫിലിം കാമറകളും ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഐടി കമ്പനിയിലെ അക്കൗണ്ടന്റായ അരുണിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഉണ്ട്.