പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ ഡയലോഗ് ഇന്നും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. ആരാണ് ഈ മലയാളി. പാലക്കാട്ടുകാരന്‍ ചന്ദ്രമോഹനും സുഹൃത്ത് സര്‍ഗീവ് സുകുമാരനും ചേര്‍ന്ന്് ഉണ്ടാക്കിയ ‘മലയാളി’ ബിയറാണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റെസ്റ്റോറന്റുകളിലെയും താരമാകുന്നത്.
രണ്ടു മാസം കൊണ്ട് അന്‍പതിനായിരം ലിറ്റര്‍ മലയാളിയാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി വിറ്റഴിഞ്ഞത്. മലയാളികളോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് താന്‍ ഈ ബിയറിന് മലയാളി എന്ന പേര് നല്‍കിയതെന്നു ചന്ദ്രമോഹന്‍ നല്ലൂര്‍ പറയുന്നു. 38 കാരനായ ചന്ദ്രമോഹന്‍ പോളണ്ട് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഡയറക്ടറാകുന്ന ആദ്യ മലയാളിയാണ്.
മലയാളി ബിയറിന്റെ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനു മലയാളി ടച്ച് ഉണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിംഗ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു ‘മലയാളി’യെയാണ് കാണാനാവുന്നത്.
റഷ്യ – യുക്രെയ്ൻ യുദ്ധമാണ് ഈ നിര്‍ണ്ണായകമായ ബിയര്‍ കണ്ടു പിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ചന്ദ്രമോഹന്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ആഫ്രിക്കയിലേക്ക് കയറ്റിയയക്കാന്‍ വേണ്ടി ഉത്തരേന്ത്യയില്‍ നിന്ന് എത്തിയ അഞ്ച് ടണ്‍ അവിലാണ് മലയാളി ബിയറിന്റെ തുടക്കത്തിന് കാരണം. ഇന്ത്യയില്‍ നിന്ന് അവില്‍ എത്തിയപ്പോഴേക്കും റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചു.
പിന്നലെ ചരക്ക് കയറ്റി അയക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലെത്തി. വെറൊരു നിവൃത്തിയുമില്ലാതെ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ഭക്ഷണമാക്കി ഇതിനെ മാറ്റാന്‍ തിരുമാനിക്കുകയാണുണ്ടായത്. അപ്പോഴാണ് ഇന്ത്യയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന കൊമ്പന്‍ ബിയറിനെ കുറിച്ചോര്‍മ്മിച്ചത്. അങ്ങനെയാണ് നെല്ലില്‍ നിന്നും അരിയില്‍ നിന്നും ഉണ്ടാക്കുന്ന ബിയര്‍ മനസിലേക്ക് വന്നതും.
അതോടെ അവലില്‍ നിന്നും ബിയര്‍ എന്ന ആശയം മനസിലുദിച്ചതെന്നും ചന്ദ്രമോഹന്‍ പറയുന്നു. ഇത്തരത്തിലൊരു ബിയര്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമൊന്നുമായിരുന്നില്ല. ആദ്യ മൂന്ന് തവണയും പരാജയപ്പെട്ടെങ്കിലും പിന്നീടാണ് വിജയിക്കാന്‍ സാധിച്ചത്. മലയാളി കൂടിയായ ബ്രാന്‍ഡ് എക്സ്പേര്‍ട്ട് സര്‍ഗേവ് സുകുമാരനും ചന്ദ്രമോഹനോടൊപ്പം ബിയര്‍ നിര്‍മാണത്തില്‍ പങ്കാളിയായി. ഇതോടെ പോളിഷ് റെസ്റ്റോറന്റുകാരും ബാറുകാരും പുതിയ ബിയറിന്റെ ആരാധകരായി മാറി.