സ്ത്രീപക്ഷ കാല്‍വയ്പുകളില്‍ കേരളം ഒരിക്കല്‍ കൂടി മാതൃകയാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിദ്യാലയത്തില്‍ എത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ഥിനികള്‍ക്കായി സര്‍ക്കാര്‍ ഹാജര്‍ നിലയില്‍ രണ്ട് ശതമാനത്തിന്റെ ഇളവാണ് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കി സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലാണ് അവധി ലഭിക്കുക.
ഒപ്പം 18 വയസ്സ് തികഞ്ഞ വിദ്യാര്‍ഥിനിക്ക് 60 ദിവസത്തെ പ്രസവാവധിയും ലഭിക്കും. കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവാവധി നല്‍കിയതിന് പിന്നാലെയാണ് എല്ലാ സര്‍വകലാശാകളിലും ആര്‍ത്തവാവധിയും പ്രസാവാവധിയും അനുവധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍വകലാശാലകളിലാണ് അവധി നടപ്പാക്കുക.
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജര്‍ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. വിദ്യാര്‍ഥിനികള്‍ക്കായി ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് എല്ലാ സര്‍വകലാശാലകളിലും ഇത് നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആര്‍ത്തവം സ്ത്രീകളിലെ സാധാരണ ജൈവപ്രക്രീയയാണ്. എന്നാല്‍ ഇത് നിരവധി സ്ത്രീകളില്‍ മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നുണ്ട്.
രാജ്യത്ത് കോളേജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ സര്‍വേ നടത്തിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. 67 മുതല്‍ 85 ശതമാനംവരെ വിദ്യാര്‍ഥിനികള്‍ ഈ ദിവസങ്ങളില്‍ കടുത്ത വേദന അനുഭവിക്കുന്നതായാണ് വ്യത്യസ്ത പഠനങ്ങളിലെ കണ്ടെത്തല്‍.
ഈ ദിവസങ്ങളില്‍ കോളേജില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ കുറവല്ല. വേദനാ സംഹാരികളും മറ്റും കഴിച്ച് ക്ലാസില്‍ കയറുന്നവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും വളരെയേറെയാണ്. സാനിറ്ററി പാഡുകള്‍ പോലും വേണ്ടത്ര കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ ആര്‍ത്തവകാലത്ത് ക്ലാസ് മുടങ്ങുകയും പിന്നീട് സ്ഥിരമായി കുട്ടികള്‍ സ്‌കൂളില്‍ വരാത്ത അവസ്ഥയും ഉള്ളതായി പഠനങ്ങളുണ്ട്.