കൊച്ചി: ജീവിതസമ്മർദങ്ങളും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവിടുന്നതും മൂലം പുതിയ തലമുറയിൽപ്പെട്ടവർ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സർവേ ഫലങ്ങൾ. ഐടിസിയുടെ ബിസ്‌കറ്റ് ബ്രാൻഡായ സൺഫീസ്റ്റ് മോംസ് മാജിക് ഈയിടെ നടത്തിയ സർവേയിലാണ് ഈ വിവരങ്ങളുള്ളത്.
എന്നാൽ ‘അമ്മയെ ആലിംഗനം ചെയ്യുക’ എന്നത് വളരെയധികം സന്തോഷം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു എന്ന കാര്യത്തിൽ സർവേയിൽ പങ്കെടുത്തവരിലെ ഭൂരിപക്ഷം പേരും യോജിച്ചു. അമ്മമാരെ ആലിംഗനം ചെയ്യുന്ന രീതിയിൽ വർഷങ്ങൾ കഴിയുംതോറും എങ്ങനെ മാറ്റംവരുന്നു എന്നറിയാനായി ക്രൗണിറ്റുമായി സഹകരിച്ചാണ് ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഐടിസി സൺഫീസ്റ്റ് മോംസ് മാജിക് സർവേ നടത്തിയത്.
കുട്ടികളായിരുന്നപ്പോഴത്തേതിനെ അപേക്ഷിച്ച്, അമ്മയെ ആലിംഗനം ചെയ്തിരുന്നത് 1995-2010നുമിടയ്ക്ക് ജനിച്ചവരിൽ (ജനറേഷൻ ഇസഡ്) 31%ഉം മില്ലേനിയലുകളിൽ (1997-1995) 33% ഉം കുറഞ്ഞു. ജോലി ചെയ്യുന്ന പ്രൊഫഷണലുകളേക്കാൾ വിദ്യാർത്ഥികളാണ് അമ്മമാരെ ആലിംഗനം ചെയ്യുന്നത്.സമ്മർദ്ദം കുറയ്ക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ പാട്ടുകേൾക്കുന്നു. ഒടിടിയിൽ വീഡിയോകൾ കാണുന്നതാണ് അടുത്ത മാർഗ്ഗം. അമ്മയെ ആലിംഗനം ചെയ്യുക എന്നത് ഇക്കൂട്ടത്തിൽ മൂന്നാംസ്ഥാനത്താണ്.
ആളുകൾ അവരുടെ കുട്ടികളെ ആഴ്ചയിൽ 6 തവണയും ജീവിതപങ്കാളിയെ ഏകദേശം 5 തവണയും കെട്ടിപ്പിടിക്കുമ്പോൾ അമ്മമാരെ ആലിംഗനം ചെയ്യുന്നതാവട്ടെ, ആഴ്ചയിൽ 3 തവണ മാത്രം. അതേ സമയം അമ്മമാരെ കെട്ടിപ്പിടിക്കുമ്പോൾ എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടുവെന്ന് 60% ത്തിലധികം പേർ മറുപടി നൽകി. 13 മുതൽ 35 വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് സർവേയിൽ പങ്കെടുത്തത്.
ആലിംഗനം സ്നേഹത്തിന്റെ പ്രകടനവും അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അവിഭാജ്യഘടകവുമാണെന്ന് സർവേയെക്കുറിച്ച് സംസാരിക്കവെ ഐടിസി ഫുഡ്സ് ഡിവിഷൻ ബിസ്‌ക്കറ്റ് ആൻഡ് കേക്ക്സ് ക്ലസ്റ്റർ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. നമ്മൾ വളരുന്തോറും അമ്മമാരുമായുള്ള അടുപ്പം ഗണ്യമായി കുറയുന്നു. കുട്ടികൾ കൂടുതൽ സ്വതന്ത്രരാകുമ്പോഴുണ്ടാകുന്ന വിടവ് അമ്മമാരെ ഏകാന്തതയിലേക്ക് നയിക്കുന്നു. ഇതു കണക്കിലെടുത്താണ് എല്ലാവരേയും അവരുടെ അമ്മമാരെ കൂടുതൽ തവണ കെട്ടിപ്പിടിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ #HugHerMore എന്ന പുതിയ ക്യാമ്പെയിന് തങ്ങൾ തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.