കഴിഞ്ഞ ദിവസം യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ലെന്നും എന്നാല്‍ പറഞ്ഞ രീതിയോട് മാത്രമാണ് എതിര്‍പ്പുള്ളതെന്നും ഉണ്ണി മുകുന്ദന് പ്രതികരിച്ചു. കൂടെ അഭിനയിച്ച കുട്ടിയെയും അച്ഛനെയും അമ്മയെയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും. ഇതിന്റെ പേരില്‍ സിനിമ ലോകത്ത് നിന്നും പുറത്താക്കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വളരെ വികാരഭരിതനായിട്ടാണ് ഉണ്ണി മുകുന്ദന് പ്രതികരിച്ചത്. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് നടന് പറയുന്നു. കണ്ണൂര്‍ ഇരട്ടിയില്‍ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. താന്‍ പല കോളേജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട് പക്ഷെ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
താന്‍ പഠിച്ച സ്കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. തനിക്ക് സിനിമ പാരമ്പര്യമൊന്നുമില്ല. നന്നായി സംസാരിക്കുവാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല. സിനിമയെ ആത്മാര്‍ഥമായി സ്നേഹിച്ചു. സത്യസന്ധമായിട്ടുള്ള എന്റെ പരിശ്രമം കൊണ്ടാകും നിങ്ങളുടെ ഇഷ്ടം പിടിച്ച് പറ്റിയത്. കഴിഞ്ഞ ദിവസം ഒരിക്കലും പെരുമാറാന്‍ പറ്റാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം.
ചിലപ്പോള്‍ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടാകും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന് മാത്രമായല്ല ഉണ്ണി മുകുന്ദന് എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം.
തന്റെ എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയേയും അച്ഛനെയും അമ്മയെയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് പ്രതികരിക്കും. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതും പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല. ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല.
പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല. നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനുശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു.
ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം എന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.