തിരുവനന്തപുരം. കേരളത്തിനായി ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന്റെ പേര് എടുത്ത് പറയുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും കേന്ദ്ര ബജറ്റില്‍ ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഏറെക്കാലമായി മുന്നോട്ട് വയ്ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഒരു പ്രഖ്യാപനവും കേന്ദ്ര ബജറ്റില്‍ ഉണ്ടായിട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചില്ല കേന്ദ്ര സര്‍ക്കാര്‍. ബി ജെ പി ഉള്‍പ്പെടെ ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടുന്ന സംസ്ഥാന പദ്ധതിയാണ് സില്‍വര്‍ലൈന്‍. അതേസമയം കേരളത്തിന്റെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമായ എയിംസിന് അനുകൂലായ തീരുമാനം ഈ ബജറ്റിലും ഉണ്ടായിരുന്നില്ല.
കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന കേരളം ജി എസ് ടിയുടെ 60 ശതമാനം വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതോടൊപ്പം ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്കു കൂടെ നീട്ടണമെന്നായിരുന്നു കേരളത്തിന്റെ മറ്റൊരു ആവശ്യം. കോവിഡ് കാലത്ത് മടങ്ങി എത്തിയ പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. കേരളം ഒന്നാമതാണെന്ന് പറയുമ്പോഴും കടം എടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട അവസ്ഥയിലാണ് സംസ്ഥാനം. ഇനിയും ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുവാന്‍ കടം എടുക്കുന്നതിന്റെ പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം എല്‍ ഡി എഫ് സര്‍ക്കാരിന്റെ തട്ടിക്കൂട്ട് പ്രസ്താനം കിഫ്ബിയിലൂടെ എടുത്ത വായ്പ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.