കേരളത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ താൽകാലികമായി മലയാളികളുടെ ഉത്സവങ്ങളും പൂരങ്ങളും നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഇത് വലിയ പ്രതിസന്ധിയിൽ എത്തിച്ചത് കലാകാരന്മാരെയാണ്. കോവിഡും യാത്ര നിയന്ത്രണവും എല്ലാം നിരവധി കലാകാരന്മാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഈ കോവിഡ് പ്രതിസന്ധിയിലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെണ്ട പഠിക്കാനുള്ള ആഗ്രഹം വിട്ടുകളയാതെ ഓണ്‍ലൈനിലൂടെ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പ്രവാസികള്‍.
തങ്ങളുടെ ലക്ഷ്യം അങ്ങനെ ഉപേക്ഷിക്കുവാന്‍ തയ്യാറല്ലാത്തതാണ് ചെണ്ട പഠനം ഓണ്‍ലൈനിലേക്ക് മാറ്റുവാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. മലേഷ്യയിലെ വിവിധ കമ്പനികളില്‍ ഉയര്‍ന്ന ജോലി നോക്കുന്നവരാണ് ചെണ്ട പഠത്തിനായി ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിച്ചത്. ഗുരു ആര്‍ എല്‍ വി ഹരിപ്രസാദിന്റെ കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ചെണ്ട പഠിക്കുന്നു.
ജോര്‍ജ് ജോണ്‍, മുരളീധരന്‍ നെച്ചിക്കോട്ട്, വിനീത് നായര്‍, സന്തോഷ് നായര്‍, ജ്യോതി ജോസഫ്, ജിതേഷ് കുമാര്‍, ജോസഫ് പാനികുളം, അനൂപ്, കൃതിക പ്രഭാകര്‍, മധുകുമാര്‍ എം കെ എന്നി പ്രവാസികളാണ് ചെണ്ട പഠനം പൂര്‍ത്തിയാക്കിയത്. ഗുരുവിന്റെ ശിക്ഷണത്തില്‍ പഠിക്കേണ്ട ചെണ്ട ഓണ്‍ലൈനിലൂടെ പഠിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ കോവിഡ് എന്ന പ്രതിസന്ധിയിലും ലക്ഷ്യം ഉപേക്ഷിക്കുവാന്‍ തയ്യാറാകാതിരുന്നു ഈ സംഘം പഠനം പൂര്‍ത്തിയാക്കുകയായിരുന്നു.
തൃപ്പൂണിത്തുറ താമരംകുളങ്ങര ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കഴിഞ്ഞ ജനുവരി 31ന് അരങ്ങേറ്റം കുറിച്ചു. ഗുരു ഹരിപ്രസാദിന്റെ കീഴില്‍ മൂന്ന് വര്‍ഷമായി നടത്തിയ കഠിനപരിശീലനത്തിന്റെയും, തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ് സംഘം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എങ്ങനെ ഒരു കലാരൂപം പഠിക്കുവാന്‍ സാധിക്കുമെന്ന് ഈ കലാകാരന്മാര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ്. ഇത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന് ഹരിപ്രസാദ് പറയുന്നു. പ്രവാസികളായ മലയാളികള്‍ സ്വന്തം നാട്ടിലെ കലാരൂപങ്ങള്‍ പഠിക്കുവാന്‍ താല്പര്യം കാണിക്കും. ഇത് വലിയ നേട്ടമാണ്.
ആദ്യമായിട്ടാണ് ഓണ്‍ലൈനിലൂടെ ഒരു കലാരൂപം പഠിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനിലൂടെ ചെണ്ട പോലുള്ള ഒരു കലാരൂപം പഠിപ്പിക്കുവാന്‍ വളരെ എളുപ്പമായിരുന്നില്ല. എന്നാല്‍ അത് വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഹരിപ്രസാദ്.