വേനല്‍ ആരംഭിച്ചതോടെ ഭക്ഷണത്തിനായി വനത്തില്‍ നിന്നും ആനകള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാല്‍ സ്വദേശിയായ 70 പിന്നിട്ട പളനിയും ഭാര്യ പാര്‍വതിയും ചിന്നക്കനാല്‍ എണ്‍പതേക്കറിലെ സ്വന്തം വീടിനുള്ളില്‍ കിടന്ന് ഉറങ്ങിയിട്ട് മൂന്ന് വര്‍ഷമായി. രാത്രി ഏത് സമയത്തും വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടാകും അതിനാല്‍ വീടിന്റെ ടെറസില്‍ കുടില്‍ കെട്ടിയാണ് താമസം.
പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചിലര്‍ വീട് തന്നെ ഉപേക്ഷിച്ച് പോയി. ടെറസില്‍ നിര്‍മിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുടില്‍ വലിച്ച് താഴെയിടുവാന്‍ ആന ശ്രമിച്ച സംഭവങ്ങള്‍ പോലും ഉണ്ടെന്ന് ഇവര്‍ പറയുന്നു. ചിന്നക്കനാലില്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പന് തകര്‍ത്തത് രണ്ട് വീടുകളാണ്. രാത്രി 1.30 ഓടെ മണി ചെട്ടിയാര്‍, മുരുകന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. (റേഷന്‍ കട തകര്‍ത്ത് അരി എടുക്കുന്നതിനാലാണ് ആ ആനയ്ക്ക് അരിക്കൊമ്പന് എന്ന് പേര് ലഭിച്ചത്)
ഇവരുടെ വീടുകളില്‍ താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികള്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അരിക്കൊമ്പന് വീടിന്റെ മുന്‍ വശം തകര്‍ത്തതോടെ കുട്ടികള്‍ അടക്കം വീട്ടില്‍ താമസിച്ചവര്‍ പിന് വശത്തു കൂടി രക്ഷപ്പെടുകയായിരുന്നു. ഓരാഴ്ചയ്ക്കിടെ ബി എല്‍ റാമില്‍ നാല് വീടുകളാണ് അരിക്കൊമ്പന് തകര്‍ത്തത്.