തിരുവനന്തപുരം. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ യുവതി പങ്കെവെച്ച ചിത്രവും ഫോണ്‍ നമ്പരും അശ്ലീല വെബ്സൈറ്റില്‍ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പോലീസ്. യുവതി നല്കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിക്കുന്നതായും യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി.
നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ റൂറല്‍ എസ്പിക്ക് പരാതി നല്കി. കുറച്ച് നാളുകളായ വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് വരുവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭര്‍ത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ യുവതിയുടെ കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തിയത്. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് യുവതിയുടെ കുടുംബം കണ്ടെത്തി. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ ആളുടെ വിവരങ്ങളും പോലീസിന് യുവതി നല്കി.
സംഭവം പുറത്തറിഞ്ഞതോടെ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. പ്രതി വീട്ടില്‍ എത്തി കുറ്റസമ്മതം നടത്തിയ കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോള്‍ അവന് അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞു. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി പറയുന്നു.