ആദ്യ പരീക്ഷണത്തില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് എസ് ആര് ഒയുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ് എസ് എല്‍ വി ഡി-2 വീണ്ടും കുതിച്ചുയരും. 10ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപണം.
എസ് എസ് എല്‍ വി ഡി-2 ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 07, വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, യു എസില്‍ നിന്നുള്ള ആന്താരിസ് എന്ന കമ്പനിയുടെ ചെറിയ ഉപഗ്രഹം ജാനസ് 01 എന്നിവ ഭൂമിയില്‍ നിന്ന് 450കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കുകയാണ് ദൗത്യം.
പരീക്ഷണ ദൗത്യത്തില്‍ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 334കിലോഗ്രാം. റോക്കറ്റിന്റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമാണ് ആദ്യ ദൗത്യം പരാജയപ്പെടാന്‍ കാരണം. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.
10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ വരെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള റോക്കറ്റാണിത്. പി എസ് എല്‍ വി വിക്ഷേപണത്തിന് ഒരുക്കാന്‍ ഒന്നരമാസം വേണം. എസ് എസ് എല്‍ വിക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്. ദൗത്യം വിജയിച്ചാല്‍ നിര്‍മ്മാണവും വിക്ഷേപണവും ഐ എസ് ആര് ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ഏറ്റെടുക്കും.