തിരുവനന്തപുരം. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നീലെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയിലേക്ക് കാല്‍നടയായിട്ടാണ് എത്തിയത്. അഹങ്കാരം പിടിച്ച സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് 4,000 കോടിയുടെ നികുതി പിരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി കുറയ്ക്കില്ലെന്ന് മന്ത്രി പറയുന്നു. പ്രതിപക്ഷം ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ജില്ലാ തലത്തില്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വലിയ സുരക്ഷയിലാണ് ധനമന്ത്രി നിയമസഭയില്‍ എത്തിയത്. ഇന്നലെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.