തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും അഞ്ച് വര്‍ഷമായി റവന്യൂ കുടിശിക പരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കുടിശിക ഇനത്തില്‍ 7,100.32 കോടിയാണ് ലഭിക്കേണ്ടത്. ഇത് പിരിച്ചെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് സി എ ജി റിപ്പോര്‍ട്ട്. 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഇതില്‍പെടും. 2019 മുതല്‍ 2021 വരെയുള്ള റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
സംസ്ഥാനത്തെ മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്. അടിയന്തരമായി സര്‍ക്കാര്‍ തുക പിരിച്ചെടുക്കണം എന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. സ്റ്റേകള്‍ കാരണം 6,143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്. എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.
സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണം. വകുപ്പുകള്‍ ബാക്കി നില്ക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.