തിരുവനന്തപുരം. കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം എന്ന് അഭിമാനം കൊള്ളുമ്പോഴും സംസ്ഥാനത്തിന്റെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ക്ക് കഴിഞ്ഞ ആറ് മാസമായി സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തകര്‍ക്കമാണ് 1714 ഓളം പേരെയും അവരുടെ കുടുംബത്തെയും ദുഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞ നവംബർ 21 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. എന്നാല്‍ സമരം 81 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേര്‍ ആത്മഹത്യ ചെയ്തുവെന്നും പ്രേരക് അസോസിയേഷന്‍ പറയുന്നു. കേരളം നമ്പര്‍ വണ്‍ ആണെന്ന് പരസ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ക്ക് മുന്നില്‍ 81 ദിവസമായി ഇവര്‍ ജോലി ചെയ്ത ശമ്പളത്തിനായി സമരം ചെയ്യുന്നു.
പ്രതീക്ഷകള്‍ എല്ലാം നശിച്ചതോടെ പത്തനാപുരം സ്വദേശിയായ ബിജുമോന്‍ എല്ലാം ദുഖവും ഉള്ളിലൊതുക്കി ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ സാക്ഷരതാ പ്രേരകാണ് ബിജുമോന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്ന അവഗണന താങ്ങുവാന്‍ സാധിക്കാതെ ജീവനൊടുക്കിയത് എട്ട് സാക്ഷരതാ പ്രേരക്മാരാണ്.
ശമ്പളത്തിനായി 1714 പേര്‍ സര്‍ക്കാരിന് മുന്നില്‍ കനിവിനായി സമരം ചെയ്യുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ഇതൊന്നും കാണുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഇവരെ പിന്നീട് തദ്ദേശവകുപ്പിന് കീഴിലാക്കി. ഇതോടെയാണ് ശമ്പളം ലഭിക്കാതായതെന്ന് ഇവര്‍ പറയുന്നു. വിദ്യാഭ്യാസ, തദ്ദേശ, ധന വുകുപ്പുകള്‍ തമ്മില്‍ സേവന വേതന വ്യവസ്ഥകളില്‍ തര്‍ക്കം തുടരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.