സഞ്ജു സാംസണിനെ ദേശീയ ടീമില്‍ നിന്നും പുറത്താക്കിയേക്കും എന്ന് വെളുപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ ചേതന്‍ ശര്‍മ്മ. സഞ്ജുവിനെ ടീമില്‍ എടുത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇഷാന് കിഷന്റെ ഡബിള്‍ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ മികച്ച പ്രകടനവും സഞ്ജു ഉള്‍പ്പെടെ കെ എല്‍ രാഹുല്‍, ശിഖര്‍ ധവന് എന്നിവരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് കാരണമാകുമെന്ന് ചേതന്‍ ശര്‍മ്മ പറയുന്നു.
കളിക്കാരുടെ നിലവിലെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് ജോലി പ്രയാസമാണ്. ഒരു ടീമില്‍ എങ്ങനെയാണ് മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു മാധ്യമത്തിന്റെ ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ശര്‍മ്മ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിത്. ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്കുവനാണ് കോലി, രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയത്. രോഹിത് ശര്‍മ്മ ഏറെക്കാലം ട്വന്റി ട്വന്റി ടീമില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം രോഹിതും കോലിയും തമ്മില്‍ ഈഗോ പ്രശ്നം ഉണ്ട് എന്നാല്‍ പിണക്കമില്ലെന്നും ചേതന്‍ ശര്‍മ്മ പറയുന്നു. ടീമിലെ ചില പ്രധാന കളിക്കാര്‍ നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറയുന്നു. ബി സി സി ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും കോലി അനുസരിച്ചിരുന്നില്ല. ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതെന്ന് കോലി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര് ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നു. അതിനാല്‍ ടിട്വിന്റി നായകനായി രോഹിത്തിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റന്സികൂടി രോഹിത്തിന് നല്‍കുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചുവെന്നും ചേതന്‍ ശര്‍മ പറഞ്ഞു. അതേസമയം വിവാദ വെളിപ്പെടുത്തലുകളില്‍ ബി സി സി ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.