ന്യൂഡല്‍ഹി. നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുവാന്‍ പ്രോസിക്യൂഷന് മുന്നോട്ട് വയ്ക്കുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ്. അതേസമയം കാവ്യാ മാധവന്റെ അച്ഛന് മാധവനെയും അമ്മ ശ്യാമളേയേയും വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന് വാദം വിചാരണ നീട്ടുവനാണെന്നും ദിലീപ് ആരോപിക്കുന്നു.
ദിലീപിനെതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദത്തിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനിരിക്കെയാണ് പ്രോസിക്യൂഷന് നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് തന്നോട് വിരോധമുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു.
ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ദിലീപ് കോടിയില്‍ പറഞ്ഞു. കാവ്യാ മാധവന് ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്.
സംവിധായകന് ബാലചന്ദ്രന കുമാറുമായുള്ള ഇടപാടുകള്‍, വോയിസ് ക്ലിപ്പുകള്‍, സാക്ഷികളെ സ്വാധീനിക്കല്‍ എന്നിവ സംബന്ധിച്ചാണ് ദിലീപിന്റെ സഹോദരന് അനൂപിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ മൂന്ന് പേരെയും വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് പറയുന്നു.