കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശവശങ്കറിന്റെ പങ്ക് കേസില്‍ വിചാരിച്ചതിലും വലുതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നാല് ദിവസം കൂടിയാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി ഇ ഡിക്ക് നീട്ടി നല്‍കിയത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വലുതായതിനാല്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് കോടതിയെ ഇ ഡി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ 14 രാത്രിയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇ ഡിയുടെ നടപടി. തുടര്‍ന്ന് ഇ ഡി കോടതിയില്‍ ശിവശങ്കറെ ഹാജരാക്കി അഞ്ച് ദിവസ്‌തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവ് നിരത്തി ഇ ഡി ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
ലോക്കറില്‍ നിന്നും ലഭിച്ച പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ശിവശങ്കറെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് ഒപ്പം ഇരുത്തി 9 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ ഭവന പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴ വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് അഴിമതി ആരോപണങ്ങളുടെ കാലഗണനാ ക്രമത്തില്‍.
2018 ഡിസംബര്‍ 1 മുതല്‍ 2019 ഏപ്രില്‍ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങള്‍ ഓരോന്നും വെവ്വേറെ പരിശോധിച്ചു രേഖപ്പെടുത്തിയാണു ചോദ്യം ചെയ്യുന്നത്. റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ 9 കോടി രൂപയും കോഴ ഇനത്തില്‍ ചെലവായതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടി ക്രമങ്ങള്‍ ആരംഭിച്ച ലൈഫ് മിഷന്‍ സി ഇ ഒ യുവി ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഡപ്യൂട്ടേഷന്‍ നല്‍കി മാറ്റിനിര്‍ത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിനു ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിനു സമീപം വാഹനത്തില്‍ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ഈ തുക കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു മദ്യസല്‍ക്കാരം നടത്തിയത് 2019 ഏപ്രില്‍ 28ന് ആണ്. ഈ തീയതി വരെ നടന്ന മുഴുവന്‍ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്.