2024-ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ യു എസില്‍ ആരംഭിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനര്‍ഥിയെ കണ്ടെത്തുന്നതിന് വേണ്ടി നടക്കുന്ന മത്സരത്തില്‍ മലയാളിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവേക് രാമസ്വാമി എന്ന 37 കാരനായ മലയാളിയാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്.
അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വിവേകിനൊപ്പം സ്ഥാനാര്‍ഥിത്വം നേടുവാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റോണ്‍ ഡെ സാന്റിസും, മൈക്ക് പോംപിയും ഇന്ത്യന്‍ വംശജനായ നിക്കി ഹേലിയും മത്സരിക്കും. രാഷ്ട്രീയത്തില്‍ ഏറെ പരിചയമുള്ള ഈ നേതാക്കളെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വിവേക് രാമസ്വാമിക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തില്‍ പാലക്കാടാണ് വിവേകിന്റെ നാട്. യു എസില്‍ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമാണ് വിവേക്.
ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യു എസിലാണ് ജനിച്ചുവളര്‍ന്നത്. പാലക്കാട് വടക്കഞ്ചേരി ബലവിഹാറില്‍ സി ആര്‍ ഗണപതി അയ്യരുടെ മകനായ വി ജി രാമസ്വാമിയാണ് വിവേകിന്റെ പിതാവ്. തൃപ്പൂണിത്തുറ സ്വദേശിയാണ് മാതാവ്. ഇന്ത്യന്‍ വംശജയായ ഡോ. അപൂര്‍വ തിവാരിയാണ് വിവേകിന്റെ ഭാര്യ.