മേഘാലയ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പി എ സാങ്മ സ്റ്റേഡിയത്തില്‍ അടുത്ത 24 ന് നടത്തുവാനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. സംസ്ഥാന കായിക വകുപ്പാണ് അനുമതി നിഷേധിച്ചത്. അതേസമയം റാലിയുമായി മുന്നോട്ട് പോകുമെന്ന് ബി ജെ പി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ഹെലികോപ്റ്ററിന് തുടര്‍ച്ചയായി ലാന്‍ഡിങ് അനുമതി നിഷേധിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു. ബി ജെ പിയുമായി യോജിച്ച് എന്‍ പി പിയാണ് മേഘാലയ ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ നിലവിലെ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചത്.
റാലി നടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് പറയുന്ന വാദം. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം നടന്ന സ്റ്റേഡിയമാണ് ഇത്. പുതിയ വേദി കണ്ടെത്തി റാലി നടത്തുവനാണ് ബി ജെ പി നീക്കം. മേഘാലയയിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പിയും എന്‍ പി പിയും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്.