ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ എത്തി സുബി സുരേഷിനെ കണ്ടിരുന്നുവെന്ന് നടൻ രമേശ് പിഷാരടി. പെട്ടെന്ന് തന്നെ സുബി അസുഖബാധിതയാവുകയും ആരോഗ്യാവസ്ഥ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു. ടിനി ടോമും സുരേഷ് ഗോപി അടക്കമുള്ളവർ സുബിയുടെ കരൾ മാറ്റിവയ്ക്കൽ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നുവെന്നും രോഗം ഗുരുതരമായതിനെത്തുടർന്ന് ഹൃദയം തകരാറിലാവുകയും അത് മരണത്തിലെത്തുകയുമായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു.
സുബിയുടെ മൃതദേഹം നാളെ എട്ടുമണിയോടെ വാരാപ്പുഴയിലുള്ള വീട്ടിലെത്തിക്കുകയും രണ്ടു മണിക്ക് വരാപ്പുഴ പള്ളിയിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം ചേരാനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കാനുമാണ് ഇപ്പോഴുള്ള തീരുമാനമെന്നും രമേശ് പിഷാരടി പറയുന്നു. ഞാനുമായി ഇരുപതു വർഷത്തിൽ കൂടുതൽ സൗഹൃദബന്ധമുള്ള കലാകാരിയാണ് സുബി.
ഞാനും ടിനിയും ഒരു സമദ് എന്ന സുഹൃത്തും ഒരാഴ്ച മുൻപ് വന്നു ഐസിയുവിൽ കയറി സുബിയെ കണ്ടിരുന്നു. ഇന്നലെയും കൂടി ആശുപത്രിയിലെ ചീഫിനോട് സംസാരിച്ചിരുന്നു. അപ്പോഴെക്കെ അറിഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിൽ ആണെന്നാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നോക്കുന്നുണ്ട് എന്നാണു പറഞ്ഞത്.
കരൾ സംബന്ധമായ അസുഖമായിരുന്നു സുബിക്കു. കരൾ മാറ്റിവയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ ഹൃദയം തകരാറിലാവുകയും അതിന്റെ ചികിത്സയിലേക്ക് പോവുകയും ചെയ്തു. കരളിലൊക്കെ അണുബാധ ഉണ്ടായിരുന്നു. ഇന്ന് രോഗം മൂർച്ഛിക്കുകയും പെട്ടെന്ന് മരണപ്പെടുകയുമാണ് ഉണ്ടായത്. സുബിയുടെ അമ്മയെയും വീട്ടുകാരെയും കണ്ടു.
നാളത്തേക്കാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ഇവരെല്ലാം പതിനഞ്ചു ദിവസമായി ആശുപത്രിയിൽ ആണ്. നാളെ രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിക്കുകയും അതിനു ശേഷം വരാപ്പുഴ പുത്തൻ പള്ളിയിൽ പൊതു ദർശനത്തിനു വച്ച് രണ്ടുമണിയോടെ ചേരാനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താനുള്ള തയാറെടുപ്പിലാണ് വീട്ടുകാർ എന്നാണ് അറിയാൻ കഴിഞ്ഞതെന്നും രമേശ് പിഷാരടി പറഞ്ഞു.