ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് വ്യക്തമായ അടിത്തറ നിര്‍മിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. 1980 കളില്‍ ബി ജെ പി സ്ഥാപിതമാകുമ്പോള്‍ മുതല്‍ ഭരണം നേടിയ 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലും ബി ജെ പി മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസിലേത് പോലെ ഹൈക്കമാന്‍ഡ് സംസ്‌കാരമോ, ഒറ്റയാള്‍ നേതൃത്വമോ, കുടുംബവാഴ്ചയോ ബി ജെ പിയില്‍ ഉണ്ടായിരുന്നില്ല.
മുമ്പ് ബി ജെ പി ഒരു സംഘം കരുത്തരായ നേതാക്കന്‍ മാരുടെ കൂട്ടായ്മയായിരുന്നെങ്കില്‍ ഇന്ന് മോദിയുടെ വ്യക്തി പ്രഭാവത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പുകള്‍ നേരിടുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന 2024ലും ഇതില്‍ വലിയ വ്യത്യാസം കാണില്ല. എന്നാല്‍ ഒരു വ്യക്തിയെ മാത്രം മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പുകളെ എത്ര കാലം ബി ജെ പിക്ക് നേരിടുവാന്‍ സാധിക്കും എന്നതും ചോദ്യമാണ്.
കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷം ഉന്നം വെയ്ക്കുന്നതുംം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. മോദി എന്ന വന്‍ വൃക്ഷത്തിന്റെ തണലിലാണ് ബി ജെ പി എന്ന് പ്രതിപക്ഷം കരുതുന്നത് കൊണ്ടാണ് ഇത്തരത്തില്‍ മോദിയെ ലക്ഷ്യം വെച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുവാന്‍ പുതുതലമുറയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുവാന്‍ ബി ജെ പിക്ക് സാധിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ദേശീയ തലത്തില്‍ ഒരു പകരക്കാരനെ കണ്ടെത്തുവാന്‍ ബി ജെ പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ നിരവധി സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് എത്രത്തോളം മുന്നേറുവാന്‍ സാധിക്കും എന്നതും വലിയ കാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന യോഗിക്ക് മോദിയുടെ പകരക്കാരനായി ശോഭിക്കുവാന്‍ കഴിയുമോ എന്ന കാര്യത്തിലും സംശയം ഉന്നയിക്കുന്നവര്‍ ബി ജെ പിയില്‍ തന്നെയുണ്ട്.
മോദിയുടെ നേതൃത്വത്തില്‍ 2024-ലെ തിരഞ്ഞെടുപ്പിലും വിജയിക്കുവാന്‍ ബി ജെ പിക്ക് സാധിക്കും. 10 വര്‍ഷത്തെ ഭരണത്തിന് ശേഷവും സര്‍വേകളില്‍ മോദിക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഉയര്‍ന്ന് നില്‍ക്കുകയാണ്. മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ബി ജെ പിക്ക് ഉത്തരമില്ല.