തിരുവനന്തപുരം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി താല്‍ക്കാലിക സിന്‍ഡിക്കറ്റ് രൂപികരിക്കുവാനുള്ള ഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സര്‍വകലാശാലയില്‍ യഥായമയം തിരഞ്ഞെടുപ്പ് നടത്താതെയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത്.
13 പേരെ പുതിയതായി നാമനിര്‍ദേശം ചെയ്യുവനാണ് കരട് ബില്ലില്‍ വ്യവസ്ഥ. എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടതെയാണ് പുതിയതായി 13 പേര്‍ കൂടെ എത്തുന്നത്. സര്‍വകലാശാല ഭരണം സി പി എമ്മിലേക്ക് പൂര്‍ണമായും എത്തിക്കുവനും പ്രതിപക്ഷ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വരുന്നത് ഒഴിവാക്കുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്നും അധിക തുക ചെലവാക്കേണ്ടതുള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ 299 (1) ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഇതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അനുമതിക്കായി ഗവര്‍ണറെ സമീപിച്ചുവെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല.
കോഴിക്കോട് സര്‍വകലാശാല ആക്ടിന്റെ 7 (4 ) വകുപ്പ് പ്രകാരം സെനറ്റ് അല്ലെങ്കില്‍ സിന്‍ഡിക്കേറ്റ് സമിതികള്‍ കാലാവധി അവസാനിച്ച് പിരിച്ചു വിടപ്പെട്ടാല്‍ ഒരു താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. ഈ വകുപ്പ് സര്‍വകലാശാല നിയമത്തില്‍ ഉള്ളപ്പോള്‍ സമാനമായി മറ്റൊരു അധികാരകേന്ദ്രം കൂട്ടിച്ചേര്‍ക്കുന്നത് ചട്ടവിരുദ്ധമാണ്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള നിലവിലെ അധികാരത്തില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നതിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ ഈ ബില്ല് ഒപ്പുവയ്ക്കാന്‍ സാധ്യതയില്ല. ഗവര്‍ണറുടെ അനുമതി ലഭിക്കാതെ ബില്ലിന്റെ ക്രമപട്ടിക നിശ്ചയിച്ച് ബില്‍ നിയമസഭ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.