രാജ്യത്തെ പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ജോയ് ആലുക്കാസിന്റെ സ്ഥാപനങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. തേസമയം ജോയ് ആലുക്കാസ് ഫെമ നിയമം ലംഘനം നടത്തിയതിനാണ് ഇ ഡി റെയ്ഡ് നടത്തിയത്.
ഹവാല വഴി ഇന്ത്യയില്‍ നിന്നും കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുളള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍ എല്‍ സിയില്‍ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1999 ഫെമ നിയമത്തിന്റെ സെക്ഷന്‍ 4 ലംഘിച്ചതിന് ഫെമ നിയമത്തിലെ സെക്ഷന്‍ 37 എ പ്രകാരമാണ് നടപടി. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിടവും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി.
ഇതിന് 81. 54 കോടി മൂല്യം വരും. മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ നിന്നായി 91.22 ലക്ഷംവും 3 സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്, ഇതിന് 5.58 കോടി മൂല്യം വരുന്നതാണ്. അതേസമയം ജോയ് ആലുക്കാസിന്റെ 217.81 കോടി മൂല്യം വരുന്ന ഓഹരികളും കണ്ടുകെട്ടിയിട്ടുണ്ട്. ഫെബ്രുവരി 22ന് കമ്പനിയുടെ ഓഫീസ് ഉള്‍പ്പെടെ കമ്പനി ഡയറക്ടര്‍മാരുടെ താമസസ്ഥലങ്ങളിലും ഇ ഡി പരിശോധന നടത്തി.
ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍, മെയിലുകള്‍, രേഖകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷന്‍ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വ്യക്തമാക്കി.