ന്യൂഡല്‍ഹി. വിവാദ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ മുതല്‍ സി ബി ഐ മനീഷ് സിസോദിയയെ ചോദ്യം ചെയ്യുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം വട്ട ചോദ്യം ചെയ്യലായിരുന്നു ഞായറാഴ്ച.
കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സി ബി ഐ നിര്‍ദേശിച്ചുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സമയം മാറ്റിചോദിക്കുകയായിരുന്നു സിസോദിയ. ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് സി ബി ഐ സിസോദിയയെ ചോദ്യം ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച തെളിവികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ച് സി ബി ഐ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ മനീഷ് സിസോദിയയ്ക്ക് ഇതില്‍ വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല. കേസില്‍ ഇന്ന് അറസ്റ്റ് ഉണ്ടാകുമെന്ന് മനീഷ് സിസോദിയ മുമ്പ് പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു. മദ്യമയ കേസില്‍ 15 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കും. ജയിലില്‍ പോകുന്ന രണ്ടാമത്തെ ഡല്‍ഹി മന്ത്രിയാണ് സിസോദിയ. മറ്റൊരു കേസില്‍ അറസ്റ്റിലായ ആരോഹ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നിലവില്‍ ജയിലിലാണ്.