മനീഷ് സിസോദിയയുടെ അറസ്റ്റാണ് ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിവാദ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ബി ജെ പി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് മനീഷ് സിസോദിയയുടെ അറസ്റ്റ്.
അതേസമയം അറസ്റ്റിനോട് ശക്തമായി പ്രതിരോധിക്കുകയാണ് എ എ പി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജ്യത്തെ വളര്‍ന്ന് വരുന്ന ജനപ്രീതി തടയുവനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എ എ പി കുറ്റപ്പെടുത്തുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ എ എ പിയെ തളര്‍ത്തുവാനുള്ള നീക്കമാണെന്നും എ എ പി നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം അരവിന്ദ് കേജ്രിവാളിന്റെ അടക്കം എ എ പിയുടെ രാഷ്ട്രീയ ഭാവി തന്നെ ഈ അറസ്റ്റോടെ തുലാസിലായിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിനെ സംബന്ധിച്ച് അവരുടെ രണ്ട് മന്ത്രിമാരാണ് അഴിമതിക്കേസില്‍ ഇപ്പോള്‍ ജയിലിയായിരിക്കുന്നത്. മനീഷ് സിസോദിയയുടെ അറസ്റ്റിന് മുമ്പ് മന്ത്രിയായ സത്യോന്ദര്‍ ജെയിന് ജയിലിലായി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ബുദ്ധി കേന്ദ്രത്തെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുമ്പ് തീരുമാനിച്ചത് പോലെ ബഡ്ജറ്റ് അവതരിപ്പിക്കുക എന്നാണ് ഏറ്റവും ആദ്യം നേരിടുന്ന അതിപ്രധാന വെല്ലുവിളി. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം, നഗരവികസനം, വ്യവസായം, ഊര്‍ജം തുടങ്ങി എഎപി സര്‍ക്കാരിന്റെ പ്രധാന വകുപ്പുകളുടെ ചുമതല മനീഷ് സിസോദിയയ്ക്കാണ്. ഒരു മന്ത്രിക്കും പ്രത്യേകമായി അനുവദിച്ചിട്ടില്ലാത്ത മറ്റെല്ലാ വകുപ്പുകളുടെയും ചുമതല വഹിക്കുന്നതും അദ്ദേഹമാണ്.
മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ മന്ത്രി സഭ പുന സംഘടിപ്പിക്കേണ്ടി വരും. അതേസമയം എ എ പിയില്‍ മറ്റൊരു ശക്തനായ വ്യക്തിയില്ലാത്തതും കേജ്രിവാളിന് തിരിച്ചടിയാണ്. ഡല്‍ഹിക്ക് പുറമേ പഞ്ചാബില്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതാേടെ ദേശീയ പാര്‍ട്ടിയായി എ എ പിമാറി. ഇതിനിടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുളള നടപടികളിലായിരുന്നു എ എ പി.
അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും എടുത്ത് പ്രയോഗിച്ചിട്ടും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നത് ബി ജെ പിയെ സംബന്ധിച്ചത്തോളം വന്‍ തിരിച്ചടിയായിരുന്നു. ഡല്‍ഹി സിസോദിയ ഭരിക്കും, കേജ്രിവാള് രാജ്യം ഭരിക്കും എന്നതായിരുന്നു എ എ പിയുടെ സ്വപ്നം. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഗെയിം പ്ളാനുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ബുദ്ധികേന്ദ്രമായ സിസോദിയെ തന്നെ പൂട്ടി ബി ജെ പി മറ്റൊരു നീക്കം നടത്തിയിരിക്കുന്നത്.