കൊച്ചി. വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. സ്ഫോടനം ഉണ്ടായപ്പോള്‍ ഭൂമി കുലുക്കമാണെന്നാണ് കരുതിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു.
പടക്കം നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു നില കെട്ടിടം പൂര്‍ണമായും സ്ഫോടനത്തില്‍ തകര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകള്‍ക്ക് കേട് സംഭവിച്ചതായിട്ടാണ് വിവരം. വിടുകളുടെ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്.
അതുകൊണ്ട് ലൈസന്‍സോടെയാണോ പടക്ക നിര്‍മാണം നടത്തിയതെന്ന് വ്യക്തമല്ല. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. അത് സംബന്ധിച്ച് അന്വേഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. എല്ലാം നിയന്ത്രണത്തിലാണെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
സ്ഫോടനം നടന്ന വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. തൊട്ട് അടുത്ത വീട്ടിലാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ താമസിച്ചിരുന്നത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.