കൊച്ചി. കഴിഞ്ഞ ദിവസം വരാപ്പുഴിലെ പടക്കശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പടക്കശാല ഉടമയ്ക്കെതിരെ പോലീസ് കേസ് എടുത്തു. സ്ഫോടനം നടന്ന സ്ഥലത്ത് എക്സ്പ്ലോസീവ് വകുപ്പ് പരിശോധന നടത്തും. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷും പരിശോധന നടത്തും. സ്ഫോടന കാരണം സംബന്ധിച്ച് സംഘം അന്വേഷണം നടത്തും. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് ജനവാസ മേഖലയില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്.
പടക്കശാലയില്‍ വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായിട്ടാണ് വിവരം. പടക്കം ശേഖരിച്ചിരുന്ന കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കം ഉള്ളതായിട്ടാണ് വിവരം. പടക്കശാലയുടെ ഉടമ ജെന്സിണിനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു. ഐ പി സി 286 വകുപ്പ് പ്രകാരം അപകടം സംഭവിക്കുന്ന വിധത്തില്‍ സ്ഫോടക വസ്തു സൂക്ഷിച്ചതിനാണ് കേസ്.
ജെന്‍സണിന്റെ സഹോദരന് കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ പിതാവിന്റെ സഹോദരനാണ് സ്ഫോടനത്തില്‍ മരിച്ച ഡേവിസ്. ഇവര്‍ വര്‍ഷങ്ങളായി പടക്ക നിര്‍മാണം നടത്തുന്നതായിട്ടാണ് വിവരം. കമ്പിത്തിരി, മത്താപ്പൂ പോലൂള്ള വസ്തുക്കളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ വലിയ തോതില്‍ സ്ഫോടകവസ്തുക്കള്‍ ഇവര്‍ ശേഖരിക്കുന്നതായി നാട്ട് കാര്‍ക്ക് പോലും അറിയില്ലായിരുന്നു.
ഇവരുടെ ഉടമസ്ഥതയില്‍ പാലക്കാട് നീലിപ്പാറയിലുള്ള പടക്ക നിര്‍മാണ ശാലയില്‍ നിന്നും മാറ്റിയ ഉഗ്രസ്ഫോടക വസ്തുക്കളാണ് ഇത്തരത്തില്‍ വലിയ സ്ഫോടനത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തിയത്. ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് സ്ഫോടകവസ്തുക്കള്‍ വരാപ്പുഴയിലേക്ക് മാറ്റിയത്.