ലക്‌നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സര്‍ക്കാര്‍. പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകര്‍ത്തത്. പ്രയാഗ്രാജില്‍ അഭിഭാഷകനായ ഉമേഷ് പാലിനെയാണ് ആതിക് അഹമ്മദും സംഘവും കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
കൊലക്കേസിലെ പ്രതിയായ ആതിക് പിന്നീട് സമാജ് വാദി നേതാവായി. ഇയാളുടെ ബന്ധുവായ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന സഫര്‍ അഹമ്മദിന്റെ വീടാണ് തകര്‍ത്തത്. ആതിക്കിന്റെ മകനും ഭാര്യയും വീട് തകര്‍ക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും വലിയ ആയുധ ശേഖരം പിടിച്ചെടുക്കുകയും ചെയ്തു.
2005 ല്‍ ബിഎസ്പി എം എല്‍ എ ആയിരുന്ന രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ ഉമേഷ് പാല്‍ സാക്ഷിയായിരുന്നു. രാജു പാലിന്റെ കൊലപാതകത്തില്‍ ആതിക് അഹമ്മദ് കുറ്റാരോപിതനാണ്. അഹമ്മദാബാദ് ജയിലില്‍ കഴിയുന്ന ആതിക് അഹമ്മദാണ് ഉമേഷിനെ വധിക്കാനും നിര്‍ദേശം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കുറ്റാരോപിതന്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും കൊമ്പുകോര്‍ത്തു. അയാള്‍ എല്ലാ പ്രഫഷനല്‍ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദറാണെന്ന് യോഗി ആരോപിച്ചു.